11 മാസം പ്രായമുള്ള കുഞ്ഞിനെ വനത്തിൽ ജീവനോടെ കുഴിച്ചുമൂടി പിതാവ്; അത്ഭുതകരമായി രക്ഷപ്പെടുത്തി പോലീസ്
text_fieldsപതിനൊന്ന് മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ വനത്തിനുള്ളിൽ ജീവനോടെ കുഴിച്ചുമൂടി പിതാവ്. സൗത്ത് കരോലിനയിലെ ലെക്സിംഗ്ടണിലാണ് സംഭവം നടന്നത്. നായയുടെ കൂട്ടിൽ ഇട്ട് കുട്ടിയെ മണ്ണിൽ കുഴിച്ചുമൂടുകയായിരുന്നു. സംഭവത്തിൽ കുഞ്ഞിന്റെ പിതാവ് മൈക്കൽ കോമറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ വധശ്രമം, കുട്ടിയോടുള്ള ക്രൂരത, ഭവനഭേദനം തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ മുത്തശ്ശിയുടെ സംരക്ഷണയിലായിരുന്ന കുഞ്ഞിനെയും കൊണ്ടാണ് 25കാരനായ മൈക്കൽ കോമർ കടന്നുകളഞ്ഞത്. മുത്തശ്ശി പുറത്തുപോയ സമയത്ത് ഇയാലെയായിരുന്നു കുഞ്ഞിനെ നോക്കാൻ ഏൽപ്പിച്ചിരുന്നത്. എന്നാൽ വീട്ടുജോലിക്കാരി എത്തിയപ്പോൾ കുഞ്ഞിനെയും പിതാവിനെയും കാണാനില്ലായിരുന്നു. മുത്തശ്ശി ഉടൻ തന്നെ എമർജൻസി നമ്പറായ 911-ൽ വിവരമറിയിച്ചു.
തുടർന്ന് വിവിധ ഏജൻസികളിൽ നിന്നുള്ള നൂറോളം പോലീസ് ഉദ്യോഗസ്ഥർ ചേർന്ന് പ്രദേശത്ത് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. തിങ്കളാഴ്ച രാത്രിയോടെ ബേറ്റ്സ്ബർഗ് ലീസ്‌വില്ലിലെ ഒരു കെട്ടിടത്തിൽ നിന്ന് മൈക്കൽ കോമറിനെ പോലീസ് പിടികൂടിയെങ്കിലും കുഞ്ഞ് ഇയാളോടൊപ്പം ഉണ്ടായിരുന്നില്ല. തിങ്കളാഴ്ച ഉച്ചക്ക് ശേഷം ഇയാൾ ഒറ്റക്ക് നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു.
ചൊവ്വാഴ്ച ഉച്ചക്ക് ഒന്നരയോടെ മൈക്കൽ കോമറിന്റെ പിതാവിന്റെ വീടിന് സമീപമുള്ള വനപ്രദേശത്ത് നടത്തിയ തിരച്ചിലാണ് നിർണ്ണായകമായത്. വീടിന് ഏകദേശം 50 വാര അകലെ വനത്തിനുള്ളിൽ മണ്ണ് ഇളകിക്കിടക്കുന്നതും അതിന് മുകളിൽ പൈൻ ഇലകൾ വിരിച്ചിരിക്കുന്നതും ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. സംശയം തോന്നി മണ്ണ് നീക്കി പരിശോധിച്ചപ്പോഴാണ് ഉള്ളിൽ നിന്ന് കുഞ്ഞിന്റെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ടത്.
ഉടൻ തന്നെ ഉദ്യോഗസ്ഥർ മണ്ണ് മാറ്റി കുഞ്ഞിനെ പുറത്തെടുത്തു. ഒരടി താഴ്ചയിൽ കുഴിച്ചിട്ട നിലയിലായിരുന്നു കുഞ്ഞ്. കൂടിന് ചുറ്റും ഒരു ടവ്വൽ ചുറ്റിയിരുന്നതിനാൽ അതിനുള്ളിൽ കുടുങ്ങിയ വായുവും, രാത്രിയിലെ തണുത്ത കാലാവസ്ഥയും കുഞ്ഞിന് ശ്വാസം ലഭിക്കാനും ജീവൻ നിലനിർത്താനും സഹായകമായെന്ന് ലെക്സിങ്ടൺ കൗണ്ടി ഷെരീഫ് ജെയ് കൂൺ പറഞ്ഞു.
ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ചൊവ്വാഴ്ച രാത്രിയോടെ ഡിസ്ചാർജ് ചെയ്ത് ബന്ധുക്കൾക്കൊപ്പം വിട്ടതായും അധികൃതർ അറിയിച്ചു. കുഞ്ഞിന്റെ അമ്മയുമായി മൈക്കൽ കോമറിന് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കൃത്യമായ കാരണം ഇതുവരെ വ്യക്തമല്ല. ഗാർഹിക പീഡനം ഉൾപ്പെടെയുള്ള കേസുകളിൽ ഇയാൾ മുമ്പും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. കുറ്റകൃത്യത്തിൽ യാതൊരു പശ്ചാത്താപവും പ്രകടിപ്പിക്കാത്ത പ്രതി സംസ്ഥാനം വിട്ട് രക്ഷപ്പെടാൻ ശ്രമിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയ ഇയാൾക്ക് കോടതി ജാമ്യം നിഷേധിച്ചു.

