അത്താണി അപകടം: അന്വേഷണം ഊർജിതമാക്കി പൊലീസും മോട്ടോർ വാഹനവകുപ്പും
text_fieldsസുഹൈൽ, നിനവ്, അമീൻ, ജോയൽ
അങ്കമാലി: നെടുമ്പാശ്ശേരി അത്താണിയിൽ 19കാരന് മദ്യപിച്ച് അമിതവേഗതയിൽ ഓടിച്ച കാറിടിച്ച് മൂന്ന് യുവാക്കൾ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതോടൊപ്പം പൊലീസും മോട്ടോർ വാഹനവകുപ്പും നിയമനടപടി ശക്തമാക്കി. ഞായറാഴ്ച പുലർച്ചെ 1.55ഓടെ നെടുമ്പാശേരി വി.ഐ.പി റോഡിൽ അത്താണി വാളേപ്പുറം ഭാഗത്ത് നിയന്ത്രണം വിട്ടെത്തിയ മിനികൂപ്പർ മുന്നിൽപോയ സ്കൂട്ടറിന് പിന്നിൽ ഇടിച്ച് കയറി ബിരുദവിദ്യാർഥികളും തൃക്കാക്കരയിൽ സ്വകാര്യ സ്ഥാപനത്തിലെ പാർട് ടൈം ജീവനക്കാരുമായ ദക്ഷിണ കന്നഡ സുള്ളിയ സ്വദേശി ഇയാസ് ഇബ്രാഹിം (21), വയനാട് കൽപ്പറ്റ സ്വദേശിനി ദേവിക (21), പാലക്കാട് മണ്ണാർക്കാട് സ്വദേശിനി ഗോപിക (21) എന്നിവരാണ് ദാരുണമായി മരിച്ചത്.
കൊച്ചിയിലെ പ്രമുഖ ഓൺ ലൈൻ വസ്ത്ര വ്യാപാരിയുടെ ഇളയ മകൻ സുഹൈൽ സജീവാണ് കാറോടിച്ചത്. സുഹൈലിന്റെ ജന്മദിനത്തിൽ മാതാവ് സമ്മാനിച്ച ലക്ഷങ്ങൾ വിലയുള്ള മിനികൂപ്പറാണ് അപകടമുണ്ടാക്കിയത്. സുഹൃത്തുക്കളെ കാറിൽ കയറ്റി 120 കിലോമീറ്റർ വേഗതയിലെത്തിയ കാറാണ് മൂവരും സഞ്ചരിച്ച ആക്ടീവ സ്കൂട്ടറിന് പിന്നിൽ ഇടിച്ച് കയറിയത്. എന്നാൽ താൻ ഓടിച്ച കാറിടിച്ച് റോഡിൽ തെറിച്ച് മൂന്ന് ജീവനുകൾ കൺമുന്നിൽ പിടഞ്ഞൊടുങ്ങുന്നത് കണ്ടിട്ടും കൂസലില്ലാതെ ലഹരിയുടെ മത്തിൽ കാറിൽ ഇരിക്കുകയായിരുന്നു സുഹൈൽ.
കാറിൽനിന്ന് ഇയാൾ പുറത്തിറങ്ങിയ ശേഷവും അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാനോ ആശുപത്രിയിൽ കൊണ്ടുപോകാനോ തയാറാകാതെ അഹങ്കാരത്തോടെ നിലയുറപ്പിക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിന് വന്ന നാട്ടുകാർ അമിത വേഗത ചോദ്യം ചെയ്തപ്പോൾ എയർപോർട്ട് റോഡിൽ വേഗത്തിൽ വാഹനമോടിച്ചാൽ എന്താണ് കുഴപ്പമെന്ന് ചോദിച്ച് അവർക്ക് നേരെ ആക്രോശിക്കുകയായിരുന്നു. ആളുകൾ മരിച്ചതിന്റെ കേസൊക്കെ ബാപ്പ നോക്കി കൊള്ളുമെന്നും തനിക്കൊന്നും സംഭവിക്കില്ലെന്നുമുള്ള ധിക്കാരത്തോടെയുള്ള മറുപടിയാണ് നൽകിയത്.
സ്ഥലത്തുനിന്ന് നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ വൈറലായതോടെ വ്യാപക പ്രതിഷേധമാണുയർന്നത്. പൊലീസ് മൃദുസമീപനം സ്വീകരിച്ചുവെന്നും മനപ്പൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തതെന്നും ആക്ഷേപമുയർന്നു. അതോടെയാണ് ഇയാൾക്കെതിരെ കുറ്റമറ്റ, പഴുതില്ലാത്ത അന്വേഷണം നടത്താൻ പൊലീസ് തീരുമാനിച്ചത്. മോട്ടോർ വാഹന വകുപ്പ് ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിച്ചേക്കും.
കാറിൽ സഞ്ചരിച്ച രണ്ട് പേർ കൂടി പിടിയിൽ
അത്താണി അപകട സമയത്ത് സുഹൈൽ ഓടിച്ച കാറിൽ സഞ്ചരിച്ചതായി സംശയിക്കുന്ന രണ്ട് പേർകൂടി പൊലീസ് കസ്റ്റഡിയിൽ. ആലപ്പുഴ സ്വദേശികളായ ജോയൽ (19), അമീൻ (19) എന്നിവരെ തിങ്കളാഴ്ച പുലർച്ചെ ആലപ്പുഴയിൽ നിന്നാണ് നെടുമ്പാശ്ശേരി പൊലീസ് പിടികൂടിയത്. ഇവരെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്. കാർ ഓടിച്ച സുഹൈൽ അടക്കം നാല് പേരാണ് കാറിലുണ്ടായിരുന്നത്.
ഞായറാഴ്ച വൈകlട്ട് സുഹൈലിന്റെ ഉറ്റസുഹൃത്ത് ആലപ്പുഴ തുമ്പോളി പാലപ്പറമ്പിൽ നിനവിനെ (19) പൊലീസ് കസ്റ്റഡിയിലെടുക്കുകയും അങ്കമാലി കോടതിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. നിനവിനെ പൊലീസ് കൂടുതൽ ചോദ്യം ചെയ്തതോടെയാണ് ജോയലിനെക്കുറിച്ചും അമീനെക്കുറിച്ചും വിവരം ലഭിച്ചത്. മദ്യ ലഹരിയിലായിരുന്ന സുഹൈലിനെ നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചെങ്കിലും കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർ ആൾക്കൂട്ടത്തിനിടയിൽ കാറിൽ നിന്നിറങ്ങി ഓടി രക്ഷപ്പെടുകയുമായിരുന്നുവത്രെ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

