പീഡനത്തിനിരയായ പ്ലസ് ടു വിദ്യാർഥിനി യൂട്യൂബ് നോക്കി പ്രസവിച്ച സംഭവം: ഡി.എൻ.എ ടെസ്റ്റിനുള്ള നടപടിയുമായി പൊലീസ്
text_fieldsകോട്ടക്കൽ: പീഡനത്തിനിരയായ പ്ലസ് ടു വിദ്യാർഥിനി ആൺകുഞ്ഞിന് ജന്മം നൽകിയ സംഭവത്തിൽ ഡി.എൻ.എ ടെസ്റ്റിനുള്ള നടപടികളുമായി പൊലീസ്. ഇതിെൻറ നടപടികൾ പൂർത്തിയായി.
കോട്ടക്കലിലാണ് കഴിഞ്ഞ 20ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചത്. അറസ്റ്റിലായ 22കാരനെ റിമാൻഡ് ചെയ്തിരുന്നു.
ബലാൽസംഗത്തിനിരയായ വിവരം വീട്ടുകാരില്‍നിന്ന് മറച്ചുവെച്ച് 17-കാരി ആരുടെയും സഹായമില്ലാതെ കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു. ഒക്ടോബര്‍ 20-ന് വീട്ടിലെ മുറിയ്ക്കുള്ളിലാണ് പെൺകുട്ടി പ്രസവിച്ചത്. യൂട്യൂബ് നോക്കിയാണ് പ്രസവരീതികള്‍ മനസിലാക്കിയതെന്നും ഇതനുസരിച്ചാണ് പൊക്കിള്‍കൊടി മുറിച്ചുമാറ്റിയതെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നൽകി. ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്കാണ് പ്രസവിച്ചതെന്ന പെണ്‍കുട്ടിയുടെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. മറ്റാരുടെയെങ്കിലും പിന്തുണ ലഭിച്ചോ എന്നത് അടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവരുകയാണ്.
കഴിഞ്ഞ 23 നാണ് സംഭവം പുറത്തറിയുന്നത്. പെൺകുട്ടി രണ്ട് തവണ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയതായി വിവരമുണ്ട്. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇങ്ങനെയൊരു സംഭവം ആരെയും അറിയിച്ചിട്ടില്ല. അതിൽ അന്വേഷണം ആരംഭിച്ചതായി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അറിയിച്ചു.