പൊലീസ് ജീപ്പ് ആക്രമിച്ച് മുങ്ങിയ പ്രതി പിടിയിൽ
text_fieldsകൊല്ലം: തിരുവനന്തപുരം സിറ്റി വലിയതുറ പൊലീസ് സ്റ്റേഷനിലെ ജീപ്പ് എറിഞ്ഞുതകർത്ത കേസിൽ മുങ്ങിയ പ്രതിയെ റെയിൽവേ സ്റ്റേഷനിൽനിന്ന് കൊല്ലം സിറ്റി പൊലീസ് പിടികൂടി. തിരുവനന്തപുരം വള്ളക്കടവ് ഫിഷർമെൻ കോളനിയിൽ സൂരജ് സുരേഷ് (18) ആണ് പിടിയിലായത്. കാറിൽ ഇയാൾക്കൊപ്പമുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശിയെയും രണ്ട് കൊല്ലം സ്വദേശികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരത്തുനിന്ന് രക്ഷപ്പെട്ട പ്രതി കൊല്ലം നഗരത്തിലെത്തുമെന്ന് സിറ്റി പൊലീസ് മേധാവി ടി. നാരായണന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ റെയിൽവേ സ്റ്റേഷനിൽ കാത്തുനിൽക്കുകയായിരുന്നു പൊലീസ് സംഘം. മഫ്തി സംഘം അറിയിച്ചതിനെ തുടർന്ന് സ്പെഷൽ സ്ക്വാഡ് സബ് ഇൻസ്പെക്ടർ ജയകുമാറിെൻറ നേതൃത്വത്തിൽ എ.എസ്.ഐമാരായ പ്രശാന്ത്, ബൈജുജെറോം, എസ്. സി.പി.ഒമാരായ സജു, മനു എന്നിവരടങ്ങിയ സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സൂരജ് സുരേഷ് മാത്രമാണ് കേസിൽ ഉൾപ്പെട്ടതെന്ന് വ്യക്തമായതിനെ തുടർന്ന് ഇയാളെ വലിയതുറ പൊലീസിന് കൈമാറി. മറ്റുള്ളവരെ വിട്ടയച്ചു.