വയോധികയുടെ മരണത്തിൽ അസ്വഭാവികത; പൊലീസ് അന്വേഷണം ആരംഭിച്ചു
text_fieldsകൊച്ചി: എറണാകുളം കലാഭവൻ റോഡിൽ താമസിക്കുന്ന വയോധികയുടെ മരണത്തിൽ അസ്വഭാവികതയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. കലാഭവൻ റോഡിൽ പണിക്കശ്ശേരി വീട്ടിൽ മീനയെയാണ് (80) വെള്ളിയാഴ്ച പുലർച്ച പരിക്കുകളോടെ കച്ചേരിപ്പടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഇതിന് മുമ്പെ മരണം സംഭവിച്ചുവെന്നാണ് വിവരം. ആശുപത്രിയിലെത്തിക്കുമ്പോൾ മീനയുടെ മുഖത്തും കൈയിലും പരിക്കുകളുണ്ടായിരുന്നു.
മർദനമേറ്റതെന്ന സംശയത്തെ തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചു. സെൻട്രൽ പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. ബന്ധുക്കളിൽനിന്ന് പ്രാഥമിക വിവരം തേടി. മീനയുടെ സഹോദരന്റെ മകനെ സ്റ്റേഷനിലേക്ക് കൊണ്ടുവന്ന് മൊഴിയെടുത്തു. കലാഭവൻ റോഡിലെ ഇരുനില വീടിന്റെ താഴത്തെ നിലയിലാണ് അവിവാഹിതയായ മീന താമസിക്കുന്നത്. രണ്ടാം നിലയിൽ സഹോദരന്റെ ഭാര്യയും മക്കളുമാണ് കഴിയുന്നത്. വീട്ടുജോലിക്കും മറ്റും പോയിരുന്ന മീന ഏതാനും വർഷമായി ജോലിക്ക് പോകുന്നില്ല.
സഹോരന്റെ കുടുംബവും മീനയും തമ്മിൽ വഴക്ക് പതിവായിരുന്നെന്നാണ് അയൽവാസികളുടെ മൊഴി. സംഭവദിവസം വഴക്കുണ്ടായിരുന്നോ എന്ന കാര്യം പൊലീസ് അന്വേഷിക്കുകയാണ്. ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടിയിലേക്ക് കടക്കുമെന്നും ബന്ധുക്കളുടെ മൊഴികൾ രേഖപ്പെടുത്തുമെന്നും സെൻട്രൽ എസ്.എച്ച്.ഒ വിജയ്ശങ്കർ പറഞ്ഞു.

