വിവാഹം കഴിഞ്ഞെന്ന് വ്യാജപ്രചാരണം; യുവതി തന്റെ ഭാര്യയെന്ന് നുണപ്രചരിപ്പിച്ച യുവാവിനെതിരെ പൊലീസ് കേസ്
text_fieldsപ്രതീകാത്മക ചിത്രം
ഹൈദരാബാദ്: തന്നെ വിവാഹം കഴിച്ചുവെന്ന് നുണപ്രചരിപ്പിക്കുകയും നിരന്തരം ശല്യം ചെയ്യുകയും ചെയ്യുന്ന ബന്ധുവിനെതിരെ പരാതിയുമായി 22കാരി. ഹൈദരാബാദിലെ രാമന്താപൂർ സ്വദേശിനിയായ യുവതിയാണ് ഉപ്പൽ പൊലീസിൽ പരാതി നൽകിയത്. തന്റെ സമ്മതമില്ലാതെ ഭാര്യയാണെന്ന് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഇടയിൽ പരിചയപ്പെടുത്തി യുവാവ് അപമാനിച്ചതായും യുവതിയുടെ പരാതിയിൽ പറയുന്നു.
യുവതിയുടെ ബന്ധുവായ സായ് ചരൺ കഴിഞ്ഞ ഒരു വർഷമായി ഇവരെ വിവാഹം കഴിക്കണമെന്ന് നിർബന്ധിച്ചിരുന്നു. എന്നാൽ, യുവതി ഇത് നിരസിച്ചതോടെയാണ് ശല്യം തുടങ്ങിയത്. യുവതി തന്റെ ഭാര്യയാണെന്ന് ഇയാൾ മറ്റുള്ളവരോട് പറഞ്ഞുപരത്തുകയും മോശമായ രീതിയിൽ ചിത്രീകരിക്കുകയും ചെയ്തു. ഇത് തന്റെ സാമൂഹികമായ പ്രതിച്ഛായയെ ബാധിച്ചുവെന്ന് യുവതി പരാതിപ്പെട്ടു.
മാർച്ച് 28ന് അർധരാത്രിയിൽ സായ് ചരൺ യുവതിയെ നിരന്തരം ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതോടെയാണ് വീട്ടുകാരുടെ സഹായത്തോടെ പൊലീസിനെ സമീപിക്കാൻ തീരുമാനിച്ചത്. കേസ് രജിസ്റ്റർ ചെയ്ത ഉപ്പൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ത്രീകളെ അപമാനിക്കുന്നതും വ്യാജപ്രചാരണം നടത്തുന്നതും ഗുരുതരമായ കുറ്റമാണെന്ന് പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

