മദ്യലഹരിയിൽ പൊലീസുകാരൻ ഓടിച്ച കാറിടിച്ച് 12 വയസ്സുകാരിക്ക് പരിക്ക്; പ്രതിഷേധവുമായി നാട്ടുകാർ
text_fieldsഅമൃത്‌സർ: പഞ്ചാബിലെ അമൃത്‌സറിൽ മദ്യലഹരിയിൽ പൊലീസ് ഉദ്യോഗസ്ഥൻ ഓടിച്ച കാറിടിച്ച് 12 വയസ്സുകാരിക്ക് പരിക്കേറ്റു. സ്കൂൾ വിട്ട് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ അമിതവേഗതയിലെത്തിയ ആൾട്ടോ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ കാറുമായി രക്ഷപ്പെടാൻ ശ്രമിച്ച കോൺസ്റ്റബിൾ അമൃത്പാൽ സിങിനെ പ്രദേശവാസികൾ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിച്ചു.
ഇടിയുടെ ആഘാതത്തിൽ കാറിനടിയിലേക്ക് തെറിച്ചുവീണ കുട്ടിയെ ഓടിക്കൂടിയ നാട്ടുകാർ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. കോൺസ്റ്റബിൾ മദ്യലഹരിയിലായിരുന്നുവെന്ന് അംബേദ്കർ സമാജ് ദൾ ഭാരവാഹികൾ ആരോപിച്ചു. കാറിൽ മദ്യക്കുപ്പിയും സിഗരറ്റും ലൈറ്ററും കണ്ടെടുത്തതായും നാട്ടുകാർ പറഞ്ഞു.
അപകടത്തിൽപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളും മുത്തശ്ശനും മുത്തശ്ശിയും നേരത്തേ മരിച്ചു പോയിട്ടുണ്ടെന്നും ചികിത്സാ ചെലവ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഭരണകൂടം ഏറ്റെടുക്കണമെന്നും ഉത്തരവാദിയായ പൊലീസുകാരനെതിരെകർശന നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അമൃത്പാൽ സിംഗിനെയും കാറും കസ്റ്റഡിയിലെടുത്തു. അന്വേഷണം പുരോഗമിക്കുകാണെന്ന് പൊലീസ് അറിയിച്ചു.

