വിവാഹ സംഘത്തിന് നേരെ പൊലീസ് ഇരുട്ടടി; എഫ്.ഐ.ആർ നിറയെ പൊരുത്തക്കേടുകൾ
text_fieldsപത്തനംതിട്ട: വിവാഹ സംഘത്തിനു നേരെ പത്തനംതിട്ടയിൽ പൊലീസ് നടത്തിയ നരനായാട്ടുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ നിറയെ പൊരുത്തക്കേടുകൾ. ലാത്തിയടിക്ക് നേതൃത്വം നൽകിയ പത്തനംതിട്ട എസ്.ഐ ജെ.യു. ജിനു, സിവിൽ പൊലീസ് ഓഫിസർമാരായ ജോബിൻ ജോസഫ്, അഷ്ഫാക് റഷീദ് എന്നിവരുടെ പേരുകൾ എഫ്.ഐ.ആറിൽ ഇല്ല. ആക്രമണം നടത്തിയത് എസ്.ഐയും സംഘവുമാണെന്ന് തിരിച്ചറിഞ്ഞിട്ടും പേരുകൾ ഉൾപ്പെടുത്താതിരുന്നത് സംശയകരമാണെന്ന് പരിക്കേറ്റ മുണ്ടക്കയം പുഞ്ചവയൽ കുളത്താശ്ശേരിയിൽ ശ്രീജിത്ത്, ഭാര്യ സിതാര എന്നിവർ പറഞ്ഞു.
സംഭവം നടന്നത് ചൊവ്വാഴ്ച രാത്രി 11നാണെന്ന് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, അബാൻ ജങ്ഷനിലെ ബാറിൽ ചിലർ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്ന് ജീവനക്കാർ പൊലീസ് സ്റ്റേഷനിൽ വിളിച്ചുപറഞ്ഞത് 11.15ന് എന്നാണ് എഴുതിയിരിക്കുന്നത്. ബാർ ജീവനക്കാർ വിളിച്ചപ്പോൾ എത്തിയതാണെന്നും ആളുമാറി മർദിച്ചതാണെന്നുമുള്ള പൊലീസ് വാദത്തിന് എതിരാണ് എഫ്.ഐ.ആർ. എസ്.ഐയുടെയും പൊലീസുകാരുടെയും പേരുകൾ ഒഴിവാക്കിയതും സമയത്തിലെ പൊരുത്തക്കേടും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകുമെന്ന് ദമ്പതികൾ പറഞ്ഞു.
വധശ്രമം, പട്ടികജാതി വകുപ്പുകൾ കൂടി ഉൾപ്പെടുത്തണമെന്നും കുടുംബം ആവശ്യപ്പെടും. പത്തനംതിട്ട എസ്.ഐക്കും കൂട്ടർക്കുമെതിരായ പരാതികൾ അതേ സ്റ്റേഷനിലെ സി.ഐയും പത്തനംതിട്ട ഡി.വൈ.എസ്.പിയുമാണ് അന്വേഷിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്നും കുടുംബം ആവശ്യപ്പെടും. ഇതിനിടെ പൊലീസ് അതിക്രമത്തിന് ഇരയായവർ അടങ്ങുന്ന സംഘം നഗരത്തിലെ ബാറിന് മുന്നിൽ നിൽക്കുന്ന ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. ഇവർക്കൊപ്പമുണ്ടായിരുന്ന ചിലർ ബാറിലേക്ക് കയറിപ്പോകുന്നതും തിരിച്ചിറങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. ഇവർക്ക് സമീപം മറ്റ് രണ്ടു യുവാക്കൾ ബാർ ജീവനക്കാരോട് സംസാരിക്കുന്നതും ബൈക്കിൽ കയറിപ്പോകുന്നതുമുണ്ട്. ബൈക്കിലെത്തിയവർക്കെതിരെയാണ് ജീവനക്കാർ പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

