മാതാവ് ആത്മഹത്യക്കൊരുങ്ങി, മക്കൾക്ക് അശ്ലീല സന്ദേശമയച്ചയാളെ പൊലീസ് പൊക്കി
text_fieldsകൊല്ലം: മക്കൾക്ക് ഫോണിൽ അശ്ലീല സന്ദേശമയച്ചയാളെ പിടികൂടാത്തതിൽ മനംനൊന്ത് മാതാവ് ആത്മഹത്യക്കൊരുങ്ങിയതോടെ പൊലീസ് ഉണർന്നു. മണിക്കൂറുകൾക്കകം പ്രതിയെ തൃശൂരിൽനിന്ന് പൊലീസ് പൊക്കി. തൃശൂർ വടക്കാഞ്ചേരി ഓട്ടുപാറ അനുഗ്രഹ ഓഡിറ്റോറിയത്തിന് സമീപം ഹൈബാസ് ബിൽഡിങ്ങിൽ സംഗീത് കുമാറിനെയാണ് (25) പൊലീസ് പിടികൂടിയത്.
ഫെബ്രുവരിയിൽ നൽകിയ പരാതിയിൽ നടപടിയില്ലാത്തതിനെ തുടർന്നാണ് പെൺകുട്ടികളുടെ മാതാവ് വെള്ളിയാഴ്ച സിറ്റി പൊലീസ് കമീഷണർ ഓഫിസിന് സമീപത്തെ റെയിൽവേ ട്രാക്കിൽ ആത്മഹത്യക്കൊരുങ്ങിയത്. കുഴഞ്ഞുവീണ മാതാവിനെ ജില്ല ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. നിരീക്ഷണത്തിനുശേഷം വീട്ടിലേക്കയച്ചു. നടപടിയെടുക്കാമെന്ന് പൊലീസ് ഉറപ്പും നൽകി.
മക്കളുടെ ഫോണിൽ അശ്ലീല സന്ദേശമയച്ച ആൾക്കെതിരെ നടപടി ആവശ്യപ്പെട്ട് മാതാവ് മാസങ്ങളായി പൊലീസ് സ്റ്റേഷനുകൾ കയറിയിറങ്ങുകയായിരുന്നു. ശക്തികുളങ്ങര സ്റ്റേഷൻ അതിർത്തിയിൽ താമസിക്കുന്ന ബിരുദ വിദ്യാർഥിനിക്കും ഹൈസ്കൂൾ വിദ്യാർഥിനിക്കുമാണ് സംഗീത്കുമാർ ഇൻസ്റ്റാഗ്രാമിൽ അശ്ലീല സന്ദേശമയച്ചത്. ഫെബ്രുവരി മുതലാണ് മെസേജ് അയച്ചുതുടങ്ങിയത്.
അക്കൗണ്ട് ബ്ലോക്ക് ചെയ്തപ്പോൾ മറ്റു അക്കൗണ്ടുകളിൽനിന്ന് തുടർച്ചയായി സന്ദേശം വന്നുകൊണ്ടിരുന്നു. അശ്ലീല സന്ദേശത്തിെൻറ സ്ക്രീൻ ഷോട്ട് സഹിതം ഫെബ്രുവരി 27ന് സൈബർ സെല്ലിനടക്കം പരാതി നൽകി. ജൂലൈ ആയിട്ടും നടപടിയാകാത്തതിനെ തുടർന്നാണ് മാതാവ് പ്രതിഷേധവുമായെത്തിയത്. ശക്തികുളങ്ങര എസ്.എച്ച്.ഒ യു. ബിജു, എ.എസ്.ഐ പ്രദീപ്, സീനിയർ സി.പി.ഒ ബിജു, സി.പി.ഒ മനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.