പേഴക്കാപ്പിള്ളിയിൽ പട്ടാപ്പകൽ മോഷണം: പ്രതി പിടിയിൽ
text_fieldsരാജേഷ്
മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി പള്ളിപ്പടിയിൽ പട്ടാപ്പകൽ വീട്ടിൽ കയറി രണ്ടുലക്ഷം രൂപയും അഞ്ച് പവനും മോഷ്ടിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. ഫെബ്രുവരിയിൽ പേഴക്കാപ്പിള്ളി പള്ളിപ്പടി ഇടപ്പാറ ബാവുവിന്റ വീട്ടിൽ കവർച്ച നടത്തിയ കേസിലെ പ്രതി പുന്നെക്കാട് കൃഷ്ണപുരം കോളനിയിൽ പരുത്തലിൽ വീട്ടിൽ രാജൻ രാജമ്മ (രാജേഷ് -45)നെയാണ് പിടികൂടിയത്.
ഏറ്റുമാനൂർ, കുറവിലങ്ങാട് പോത്താനിക്കാട്, ഊന്നുകൽ, കോതമംഗലം, പെരുമ്പാവൂർ എന്നിവിടങ്ങളിൽ നിരവധി മോഷണ, പിടിച്ചുപറി കേസിൽ പ്രതിയാണ് ഇയാൾ. വിൽപന നടത്തിയ മോഷണ സ്വർണം പൊലീസ് കണ്ടെടുത്തു. ആഡംബര ജീവിതത്തിനും വിവിധ സ്ഥലങ്ങളിലെ സുഹൃത്തുക്കൾക്കും ഒപ്പം കഴിയാനാണ് മോഷണം നടത്തിവന്നിരുന്നത് എന്ന് പ്രതി മൊഴിനൽകി.
സ്കൂട്ടറിൽ സഞ്ചരിച്ച് പെയിന്റിൽ വിവിധ നിർമാണ ജോലികൾ നടക്കുന്ന വർക്ക്സൈറ്റുകൾ കേന്ദ്രീകരിച്ചാണ് ഇയാൾ മോഷണം നടത്തുന്നത്. മൂവാറ്റുപുഴ പള്ളിപ്പടിയിൽ ഗൃഹനാഥൻ വീട് പൂട്ടി താക്കോൽ വീടിന്റെ പിൻവശത്ത് സൂക്ഷിച്ചുവെച്ചിരുന്നത് ഇയാൾ കണ്ടിരുന്നു. 11.30ഓടെ ഗൃഹനാഥൻ വീടുപൂട്ടി നമസ്കാരത്തിനായി പള്ളിയിലേക്ക് പോയതിന് പിന്നാലെയാണ് മോഷണം. സമീപത്തെ 50ഓളം നിരീക്ഷണ കാമറ പരിശോധിച്ച ശേഷമാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതിയെ മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

