മംഗളൂരു ദമ്പതികളെ ബംഗളൂരുവിൽ കൊന്ന മകൻ മടിക്കേരിയിൽ അറസ്റ്റിൽ
text_fieldsകൊല്ലപ്പെട്ട കെ. ഭാസ്കരൻ, ഭാര്യ ശാന്ത, പ്രതിയായ മകൻ ശരത് സുവർണ
മംഗളൂരു: ബംഗളൂരുവിൽ മംഗളൂരു സ്വദേശികളായ മാതാപിതാക്കളെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവിനെ കുടക് മടിക്കേരിയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു കൊടിഗെഹള്ളിയിൽ കെ. ഭാസ്കരൻ (61), ഭാര്യ ശാന്ത (60) എന്നിവരെ അടിച്ചു കൊന്ന മകൻ ശരത് സുവർണയാണ് (27) അറസ്റ്റിലായത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ദമ്പതികൾ കൊല്ലപ്പെട്ടത്. മംഗളൂരു സ്വദേശികളായ ഇവർ 12 വർഷത്തോളമായി ബംഗളൂരുവിലാണ് താമസം. ഭാസ്കരൻ ഖനിജ ഭവനിൽ കാന്റീനിൽ കാഷ്യറാണ്. കേന്ദ്ര ഗവ. സർവീസിൽ നിന്ന് വിരമിച്ചതാണ് ശാന്ത.
സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: തൊഴിൽ രഹിതനായ ശരത് വീട്ടിൽ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കും. സംഭവദിവസം രാത്രി എട്ടരക്കും ഒമ്പതിനും ഇടയിൽ അച്ഛനും മകനും തമ്മിലുണ്ടായ വഴക്കിൽ അമ്മയും ഇടപെട്ടു. ഇരുവരേയും മകൻ കനമുള്ള വടി ഉപയോഗിച്ച് തലക്കടിച്ച് മാരക മുറിവേൽപ്പിച്ച് വീട് പുറത്തു നിന്ന് പൂട്ടി രക്ഷപ്പെട്ടു.
ദമ്പതികൾ സഹായത്തിനായി കരഞ്ഞെങ്കിലും അത്തരം ശബ്ദങ്ങൾ ആ വീട്ടിൽ പതിവായതിനാൽ അയൽക്കാർ ഗൗനിച്ചില്ല. പിറ്റേന്ന് രാവിലെ ശരതിന്‍റെ സഹോദരൻ സജിത്ത് വീട്ടിലേക്ക് ഫോണിൽ വിളിച്ച് എടുക്കാത്തതിനാൽ അയൽക്കാരോട് വിവരം തിരക്കി. വീട് പുറത്തു നിന്ന് പൂട്ടിയ നിലയിൽ ആണെന്നും ആരേയും വെളിയിൽ കാണുന്നില്ലെന്നുമാണ് അയൽക്കാർ പറഞ്ഞത്. പന്തികേട് തോന്നി 11.30ഓടെ വീട്ടിൽ എത്തിയ സജിത് വാതിൽ ബലംപ്രയോഗിച്ച് തുറന്ന് അകത്തു കടന്നപ്പോൾ അച്ഛന്‍റേയും അമ്മയുടേയും മൃതദേഹങ്ങളാണ് കണ്ടത്.
ശരത് മൊബൈൽ ഫോൺ കൂടെ കൊണ്ടുപോവാത്തതിനാൽ സി.സി.ടി.വി ദൃശ്യങ്ങൾ പിന്തുടർന്നാണ് പൊലീസ് കേസ് അന്വേഷണം നടത്തിയത്. കൃത്യം ചെയ്ത ശേഷം 40 മിനിറ്റ് ബംഗളൂരുവിൽ ബി.എം.ടി.സി ബസിൽ കറങ്ങിയ ശേഷം ദക്ഷിണ കന്നട ഭാഗത്തേക്കുള്ള കർണാടക ആർ.ടി.സി ബസിൽ കയറിയതായി ദൃശ്യങ്ങളിൽ തെളിഞ്ഞു. പുത്തൂരിൽ ബസിറങ്ങി അവിടെ കുറെ സമയം ചെലവഴിച്ച് മടിക്കേരിയിലേക്ക് ബസ് കയറി. കുടക് മഡേനാട് വനത്തിൽ കടന്ന് മഴനനഞ്ഞും അട്ടയുടെ കടിയേറ്റും ആഹാരം ഒന്നും ഇല്ലാതെ കഴിഞ്ഞു.
വിശന്നു വലഞ്ഞ് വനാതിർത്തിയിലെ ഒരു വീടിന്‍റെ വാതിലിൽ മുട്ടി ആഹാരം ആവശ്യപ്പെട്ടു. യുവാവിന്‍റെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ പൊലീസിൽ അറിയിച്ചു. ശരതിന് വേണ്ടി കർണാടകയാകെ പൊലീസ് വലവിരിച്ച സാഹചര്യത്തിൽ മടിക്കേരി പൊലീസ് കുതിച്ചെത്തി യുവാവിനെ കസ്റ്റഡിയിലെടുത്ത് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സബ് ഇൻസ്പെക്ടർ ഉമേഷ് ഉപ്പലികെയുടെ ചോദ്യം ചെയ്യലിൽ യുവാവ് താൻ ചെയ്ത കൃത്യം വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

