Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപൊലീസും പ്രതികളും...

പൊലീസും പ്രതികളും തമ്മിൽ നടന്നത് സിനിമയെ വെല്ലുന്ന സംഘട്ടനം, ഭയം മാറാതെ വില്ലയിലെ താമസക്കാർ

text_fields
bookmark_border
പൊലീസും പ്രതികളും തമ്മിൽ നടന്നത് സിനിമയെ വെല്ലുന്ന സംഘട്ടനം, ഭയം മാറാതെ വില്ലയിലെ താമസക്കാർ
cancel

പെരുവയൽ: പാലക്കാട് വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പിടികൂടാനെത്തിയ പൊലീസും പ്രതികളും തമ്മിൽ നടന്നത് സിനിമയെ വെല്ലുന്ന സംഘട്ടനം. കോഴിക്കോട്, പെരുവയൽ കൊടശ്ശേരി താഴത്തെ സ്വകാര്യ വില്ലയിലാണ് പൊലീസും പ്രതികളും ഏറ്റുമുട്ടിയത്. ഡേവിഡ് എന്ന ആളുടെതാണ് ഫ്ലാറ്റ്. മൂന്നുമാസം മുമ്പാണ് ഡേവിഡിന്റെ പേരിൽ ഫ്ലാറ്റ് വാടകക്ക് എടുത്തത്. പ്രത്യേക രീതിയിലായിരുന്നു ഡേവിഡിന്റെ പെരുമാറ്റം. സമീപത്തെ ഫ്ലാറ്റിലുള്ളവരോട് അടുപ്പം കാണിക്കാറില്ല. ഒരു ചെറിയ നായയുമായി നടക്കാനിറങ്ങുന്ന ഡേവിഡിനെ പലരും കണ്ടിട്ടുണ്ട്. ഇടക്ക് പങ്കാളിയുമായി തർക്കമുണ്ടായതായും സമീപവാസികൾ പറയുന്നു. മാവൂർ പൊലീസ് സ്റ്റേഷനിൽ വെച്ച് ഈ പരാതി ഒത്തുതീർക്കുകയായിരുന്നു. രണ്ടുദിവസം മുമ്പാണ് പങ്കാളിയും കുഞ്ഞും വീട്ടിൽ നിന്ന് പോയത്.

ദിവസവും അർധരാത്രിക്ക് ശേഷം ഭക്ഷണവുമായി വരുന്നുവെന്ന് പറഞ്ഞ് ഒരു സംഘം സ്ഥിരമായി ഡേവിഡിന്റെ ഫ്ലാറ്റിലേക്ക് വരാറുണ്ടായിരുന്നു. ഇവരെ പ്രവേശന കവാടത്തിലെ സെക്യൂരിറ്റി ജീവനക്കാർ കടത്തിവിടാറില്ല. അപ്പോൾ ഡേവിഡ് താഴെ സെക്യൂരിറ്റി പോസ്റ്റിലെത്തി ആളുകളെ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോകുകയാണ് പതിവ്. രാത്രി മുഴുവൻ ഫ്ലാറ്റിൽ നിന്നും ബഹളം കേൾക്കാറുണ്ടായിരുന്നുവെന്നും പറയുന്നു. രണ്ടുമാസം വാടക നൽകാതിരുന്നതിനെ തുടർന്ന് ഫ്ലാറ്റ് ഒഴിയാൻ ഉടമ ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഡേവിഡിന്റെ പങ്കാളി ഉടമക്ക് 30,000 രൂപ അയച്ചുനൽകുകയായിരുന്നു.

നാലംഗ അന്വേഷണ സംഘം പാലക്കാട്ട് നിന്ന് സ്വകാര്യ വാഹനത്തിൽ മഫ്തിയിലാണ് എത്തിയത്. ഫ്ലാറ്റിൽ പ്രവേശിച്ച പൊലീസ് സംഘത്തിന് നേരെ പ്രതികൾ തോക്കുചൂണ്ടി. തോക്കുകൾ പിടിച്ചെടുക്കാൻ ശ്രമിച്ച പൊലീസുകാരുമായി പ്രതികൾ ഏറ്റുമുട്ടി. തോക്കുകൾ പിടിച്ചെടുത്ത്, പ്രതികളെ കീഴ്പ്പെടുത്താൻ പൊലീസ് ശ്രമിക്കുന്നതിനിടെ ഷമീർ നാടൻ ബോംബുകളടങ്ങിയ ബാഗ് നിലത്തെറിയുകയും ഉഗ്രസ്ഫോടനമുണ്ടാകുകയും ചെയ്തു. സ്ഫോടനത്തിൽ പൊലീസുകാർക്കും ഗുണ്ടകൾക്കും പൊള്ളലേറ്റു. ഹാളിലും മുറികളിലും പുകയുയർന്നു. ഫ്ലാറ്റിന്റെ ജനൽ ചില്ലുകൾ തകർന്നു. എ.എസ്.ഐ പി. അബ്ദുൽ റഷീദ്, പൊലീസുകാരായ കെ. കമൽ, എസ്. നൗഷാദ് ഖാൻ, എ. ഷൻഫീർ എന്നിവർക്കാണ് പരുക്കേറ്റത്. അരമണിക്കൂർ കൊണ്ടാണ് പൊലീസ് പ്രതികളെ കീഴടക്കിയത്.

സംഘത്തിലുണ്ടായിരുന്ന സാബു കടന്നുകളഞ്ഞു. സാബുവിന്റെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ മൂന്ന് വാളുകൾ പിടിച്ചെടുത്തു. പ്രതി ജാസ്മോന്റെ വീട്ടിലും പരിശോധന നടത്തി. മെഡിക്കൽ കോളജ് എ.സി.പി കെ. ബിജുവിന്റെ നേതൃത്വത്തിൽ മാവൂർ, കുന്ദമംഗലം സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസും സ്ഥലത്തെത്തി. പരുക്കേറ്റ പൊലീസുകാർക്കും പ്രതികൾക്കും ചെറൂപ്പ ഗവ. ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. പൊലീസിനെ ആക്രമിക്കൽ, ജോലി തടസ്സപ്പെടുത്തൽ, ബോംബ് എറിയൽ, സ്ഫോടക വസ്തു നിർമാണം, ലൈസൻസ് ഇല്ലാത്ത തോക്ക് ഉപയോഗിക്കൽ തുടങ്ങിയ കുറ്റങ്ങളിൽ അഞ്ച് പ്രതികൾക്കെതിരെ മാവൂർ പൊലീസ് കേസെടുത്തു. ഡേവിഡ്, ജാസ്മോൻ എന്നിവരെ കുന്ദമംഗലം കോടതി റിമാൻഡ് ചെയ്തു. തട്ടിക്കൊണ്ടുപോകൽ കേസിൽ അറസ്റ്റിലായ വിഷ്ണുവിനെയും ഷമീറിനെയും രാത്രിയോടെ പാലക്കാട് ജില്ല പൊലീസ് ആസ്ഥാനത്തെത്തിച്ചു.

അതേസമയം, രാവിലെ ഉഗ്രസ്ഫോടന ശബ്ദം കേട്ടാണ് വില്ലയിലെ താമസക്കാർ എത്തുന്നത്. പുകയും കുറച്ചുപേർ ഓടിപ്പോകാൻ ശ്രമിച്ചതും കണ്ട അയൽക്കാർ ഞെട്ടി. ഉഗ്രശബ്ദം കേട്ടപ്പോൾ പാചകവാതക ഗ്യാസ് സിലിണ്ടർ പൊട്ടിയതാണെന്ന് കരുതി. പിന്നീട് കാണുന്നത് അകത്ത് സംഘർഷവും ബഹളവും. ഇത് കണ്ടതോടെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സമീപത്തെ താമസക്കാർക്ക് ഭയമായി. കൂടുതൽ പൊലീസ് എത്തിയിട്ടും ഭയം മാറിയില്ലെന്ന് താമസക്കാർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsconflictfearaccusedPoliceResidents
News Summary - The clash between the police and the accused was a scene that rivaled the cinema, and the residents of the villa remained in fear
Next Story