പോക്സോ: മൂന്നുവർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും
text_fieldsപാലക്കാട്: സ്കൂൾ വിട്ടുവരുന്ന വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്ക് മൂന്നുവർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും വിധിച്ചു. കണ്ണാടി പുഴക്കൽ രാജൻ എന്ന നടരാജനെയാണ് (66) പോക്സോ നിയമപ്രകാരം പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി ടി. സഞ്ജു ശിക്ഷിച്ചത്.
2022 മാർച്ചിലാണ് കേസിന് ആസ്പദമായ സംഭവം. ടൗൺ സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് അന്നത്തെ സബ് ഇൻസ്പെക്ടർ എം. മഹേഷ് കുമാർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ടി. ശോഭന ഹാജരായി. ടൗൺ സൗത്ത് പൊലീസ് സ്റ്റേഷൻ എസ്.സി.പി.ഒ ജിനപ്രസാദ് കോടതി നടപടികൾ ഏകോപിപ്പിച്ചു. പിഴത്തുക ഇരക്ക് നൽകും.

