പോക്സോ; വയോധികന് 23 വർഷം കഠിനതടവും പിഴയും
text_fieldsകല്യാണകുമാർ
പാലക്കാട്: 11 വയസ്സുകാരിയെ കടത്തിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ വയോധികന് 23 വർഷം കഠിനതടവും 1,10,000 രൂപ പിഴയും ശിക്ഷ. നെല്ലിയാമ്പതി പാടഗിരി ലില്ലി ഡിവിഷനിൽ കല്യാണകുമാറി(61)നെയാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി ടി. സഞ്ജു ശിക്ഷിച്ചത്. പിഴയടക്കാത്ത പക്ഷം ഏഴുമാസം അധികം കഠിനതടവ് അനുഭവിക്കണം.
പിഴത്തുക കൂടാതെ അതിജീവിതക്ക് അധിക ധനസഹായത്തിനും വിധിയായി. 2021 മാർച്ച് ഒന്നിനാണ് കേസിനാസ്പദമായ സംഭവം. കാശ് തരാം എന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷൻ വാദം.
പ്രോസിക്യൂഷൻ 17 സാക്ഷികളെ വിസ്തരിച്ച് 37 രേഖകൾ സമർപ്പിച്ചു. അന്നത്തെ പാടഗിരി ഇൻസ്പെക്ടർ ആയിരുന്ന എ. രമേഷ് ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. ഡബ്ല്യു.സി.പി.ഒ ജിൻസി വർഗീസ് അന്വേഷണ ഉദ്യോഗസ്ഥനെ സഹായിച്ചു. പ്രോസിക്യൂഷനായി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ ടി. ശോഭന, സി. രെമിക എന്നിവർ ഹാജരായി. ലൈസൻ ഓഫിസർ എ.എസ്.ഐ സതി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

