പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒപ്പംതാമസിപ്പിച്ച യുവാവിനെതിരെ പോക്സോ കേസ്
text_fieldsഅടിമാലി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒപ്പംതാമസിപ്പിച്ച യുവാവിനെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. ഹൈറേഞ്ചിലെ അതിർത്തി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വിവാഹം കഴിച്ചെന്ന് നാട്ടുകാരെ അറിയിച്ചശേഷം യുവാവ് പെൺകുട്ടിയെ ഒരാഴ്ചമുമ്പാണ് വീട്ടിലെത്തിച്ചത്. മാതാപിതാക്കൾ ഇല്ലാത്ത പെൺകുട്ടി ബന്ധുക്കൾക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്.
പെൺകുട്ടിയുടെ കഴുത്തിൽ താലി ഉണ്ടായിരുന്നെങ്കിലും ഇവർ തമ്മിൽ വിവാഹം കഴിച്ചിട്ടില്ലെന്ന് പ്രാഥമികാന്വേഷണത്തിൽ ബോധ്യപ്പെട്ടു. ഇവരുടെ ബന്ധുക്കൾക്ക് ഇതിൽ പങ്കില്ലെന്ന് വ്യക്തമായതായും ജില്ല ശിശുസംരക്ഷണ വിഭാഗം അധികൃതർ വ്യക്തമാക്കി. പെൺകുട്ടിയെ ശിശുക്ഷേമ സമിതിക്കുമുമ്പാകെ ഹാജരാക്കി. യുവാവിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.