'നമ്പർ 18' ഹോട്ടൽ ഉടമ റോയ് വയലാട്ടിനെതിരെ പോക്സോ കേസ്
text_fieldsകൊച്ചി: മോഡലുകൾ വാഹനാപകടത്തിൽ മരിച്ച സംഭവത്തിലൂടെ വിവാദത്തിലായ ഫോർട്ട് കൊച്ചിയിലെ 'നമ്പർ 18' ഹോട്ടലിന്‍റെ ഉടമ റോയ് ജെ. വയലാട്ടിനെതിരേ പോക്സോ കേസ്. കോഴിക്കോട് സ്വദേശിയായ അമ്മയും മകളും നൽകിയ പരാതിയിലാണ് ഫോർട്ട്‌കൊച്ചി പൊലീസ് പോക്സോ ചുമത്തി കേസെടുത്തത്. റോയി വയലാട്ടിന്‍റെ സുഹൃത്ത് സൈജു തങ്കച്ചനെയും സൈജുവിന്‍റെ സുഹൃത്ത് അഞ്ജലിയെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
2021 ഒക്ടോബറിൽ ഹോട്ടലിൽവെച്ച് റോയി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. പീഡന ദൃശ്യങ്ങൾ പ്രതികൾ മൊബൈലിൽ പകർത്തി. പൊലീസിൽ പരാതി നൽകിയാൽ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് അഞ്ജലി ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു.
പരാതിക്കാരായ അമ്മയുടെയും മകളുടെയും മൊഴി രേഖപ്പെടുത്തും. മോഡലുകളുടെ അപകട മരണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറിയിട്ടുണ്ട്. മോഡലുകളുടെ മരണം സംബന്ധിച്ച കേസിൽ റോയി വയലാട്ടിലും സൈജു തങ്കച്ചനും പ്രതികളാണ്.
നവംബർ ഒന്നിന് രാത്രിയാണ് നമ്പർ 18 ഹോട്ടലിലെ പാർട്ടിക്ക് ശേഷം മടങ്ങുകയായിരുന്ന മോഡലുകൾ സഞ്ചരിച്ച കാർ പാലാരിവട്ടം ബൈപ്പാസിൽ നിയന്ത്രണംവിട്ട് മീഡിയനിൽ ഇടിച്ചുകയറിയത്. സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ മോഡലുകളുടെ വാഹനത്തെ സൈജു പിന്തുടരുന്നതിനിടെയാണ് അപകടം നടന്നതെന്ന് പൊലീസ് കണ്ടെത്തി.