പോക്സോ കേസ് അട്ടിമറി; പ്രതിയായ അഭിഭാഷകൻ അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന്റിപ്പോർട്ട്
text_fieldsകോന്നി: ഹൈകോടതി അഭിഭാഷകൻ പ്രതിയായ കോന്നിയിലെ പോക്സോ കേസ് അട്ടിമറിയിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ. പ്രതിയായ അഭിഭാഷൻ പത്തനംതിട്ട ചൈൽഡ് വെൽഫയർ കമ്മിറ്റി ഓഫിസിലെത്തി അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിച്ചതായും ഒത്തുതീർപ്പ് ചർച്ച നടത്തിയെന്നും ആഭ്യന്തരവകുപ്പിന്റെ റിപ്പോർട്ട്. കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയതിന് കോന്നി ഡി.വൈ.എസ്.പി ടി.രാജപ്പൻ, കോന്നി എസ്.എച്ച്.ഒ പി. ശ്രീജിത്ത് എന്നിവരെ കഴിഞ്ഞദിവസം ആഭ്യന്തരവകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. ഈ സസ്പെൻഷൻ ഉത്തരവിലാണ് ഗുരുതര കണ്ടെത്തലുകൾ വിവരിക്കുന്നത്.
ഹൈകോടതി അഭിഭാഷകനും മുൻ ഗവ. പ്ലീഡറുമായ നൗഷാദ് തോട്ടത്തിൽ 17കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നായിരുന്നു കേസ്.ഒന്നാം പ്രതി നൗഷാദും രണ്ടാംപ്രതിയും സി.ഡബ്ല്യു.സി ചെയർമാന്റെ ഓഫിസിൽ നേരിട്ടെത്തിയാണ് ചർച്ച നടത്തിയത്. കൗൺസലിങ് നടക്കുന്ന വേളയിലായിരുന്നു സന്ദർശനം. എന്നാൽ, അതിജീവിത ഇവരെ കാണാൻ തയാറായില്ല. ഒത്തുതീർപ്പിനും വഴങ്ങിയില്ല. ഇതോടെ 10 ദിവസത്തിനുശേഷം സി.ഡബ്ല്യു.സി റിപ്പോർട്ട് പൊലീസിന് കൈമാറുകയായിരുന്നു. ഈ കാലതാമസം പ്രതികൾക്ക് ഗുണകരമായെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടിൽ, ഒന്നാം പ്രതിയുടെയും ഭാര്യയുടെയും ഫോൺ രേഖകളുടെ പരിശോധനയിൽ ഇക്കാര്യങ്ങൾ തെളിഞ്ഞെന്നും പറയുന്നു.
അതിജീവിതയുടെ മാതാപിതാക്കളുടെ വിവാഹ മോചനക്കേസ് വാദിക്കാനെത്തിയതായിരുന്നു നൗഷാദ്. ഇതിനിടെ അതിജീവിതയെ കുമ്പഴ, പത്തനംതിട്ട, ആറന്മുള, കോഴഞ്ചേരി എന്നിവിടങ്ങളിലെ ഹോട്ടൽ മുറികളിൽ എത്തിച്ച് പ്രതി പീഡനത്തിന് ഇരയാക്കി. പെൺകുട്ടിയുടെ ബന്ധുവായ സ്ത്രീയുടെ സഹായത്തോടെയായിരുന്നു പീഡനം. അതിജീവിതയുടെ പിതാവിന്റെ സഹോദരിയായ ഇവർ അറസ്റ്റിലായിരുന്നു. എന്നാൽ, അഭിഭാഷകനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
പീഡനവിവരം മനസിലാക്കിയ അതിജീവിതയുടെ പിതാവ് കഴിഞ്ഞ ആഗസ്റ്റ് 29ന് കോന്നി പൊലീസിൽ പരാതി നൽകിയെങ്കിലും എസ്.എച്ച്.ഒ ശ്രീജിത്ത് കേസ് രജിസ്റ്റർ ചെയ്യാൻ തയാറായില്ല. പിന്നീട് പെൺകുട്ടി സി.ഡബ്ല്യു.സി ഹെൽപ്ലൈനിൽ നേരിട്ടു വിളിച്ചു പറഞ്ഞതോടെ സംഭവം പുറത്തായി.
മൂന്നു മാസത്തിലധികം കേസെടുക്കാതെ കോന്നി പൊലീസ് പ്രതിയെ സഹായിച്ചുവെന്ന കണ്ടെത്തലിലാണ് ഡി.വൈ.എസ്.പി, എസ്.എച്ച്.ഒ എന്നിവർക്കെതിരെ നടപടിയുണ്ടായത്. പിന്നീട് കേസ് ആറന്മുള പൊലീസിന് കൈമാറുകയായിരുന്നു. ആറന്മുള പൊലീസും പ്രതിയെ സഹായിക്കുന നടപടികളാണ് സ്വീകരിച്ചതെന്ന് ആരോപണം ഉയർന്നിരുന്നു.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും പ്രതിക്കൂട്ടിൽ
പത്തനംതിട്ട: കോന്നിയിലെ പോക്സോ കേസ് അട്ടിമറിയിൽ ചൈല്‍ഡ് വെൽഫെയര്‍ കമ്മിറ്റിയും പ്രതിക്കൂട്ടിൽ. കേസിലെ പ്രതികൾ അതിജീവിതയെ കാണാനും ചർച്ച നടത്താനുമായി പത്തനംതിട്ട ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഓഫിസിലെത്തിയെന്ന ഗുരുതരമായ കണ്ടെത്തലാണ് പുറത്തുവന്നിരിക്കുന്നത്. എന്നാൽ, സംഭവം നടന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും ചൈല്‍ഡ് വെൽഫെയര്‍ കമ്മിറ്റി ചെയര്മാന് അടക്കമുളളവര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചിട്ടില്ല.
കുട്ടികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്താനും അതിക്രമങ്ങള്‍ തടയാനും ചുമതലപ്പെട്ട ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി തന്നെ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്ക് ഒപ്പംനിന്നുവെന്ന് ആഭ്യന്തരവകുപ്പ് പുറത്തുവിട്ട റിപ്പോർട്ടിലാണുള്ളത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മൂന്നിനാണ് അതിജീവിത ചൈല്‍ഡ് ലൈനില്‍ വിളിച്ച് പീഡനം വെളിപ്പെടുത്തിയത്. എന്നാല്‍, ഈ വിവരം ചൈല്‍ഡ് വെൽഫെയര്‍ കമ്മിറ്റി കോന്നി എസ്.എച്ച്.ഒയെ അറിയിക്കുന്നത് 10 ദിവസത്തിന് ശേഷമാണ്. ഇതിനിടെ അഞ്ചാം തീയതി ഒന്നും രണ്ടും പ്രതികളായ നൗഷാദും അതീജിവിതയുടെ ബന്ധുവും ചൈല്‍ഡ് വെൽഫെയര്‍ കമ്മിറ്റി ചെയര്‍മാന്റെ ഓഫിസിലെത്തി പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് ആഭ്യന്തരവകുപ്പ് കണ്ടെത്തിയിരിക്കുന്നത്.
എന്നാല്‍, അതിജീവിത വഴങ്ങിയില്ല. തുടർന്ന് ഡിസംബര്‍ 13ന് പൊലീസില്‍ വിവരം അറിയിച്ചു. സി.ഡബ്ല്യു.സി വരുത്തിയ 10 ദിവസത്തെ കാലതാമസം പ്രതിക്ക് അനുകൂലമായി. പോക്സോ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് എതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുക്കേണ്ടതാണ്. വ്യക്തമായ തെളിവുണ്ടായിട്ടും ഇവിടെ അതുണ്ടാകാതിരുന്നത് പൊലീസിന്റെ വീഴ്ചയാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. കേസിലെ പ്രതി നൗഷാദിന്റെ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിച്ച ഹൈകോടതി, നിറകണ്ണുകളോടെയല്ലാതെ അതിജീവിതയുടെ മൊഴി വായിക്കാനാവില്ലെന്ന് പരാമര്‍ശിച്ചിരുന്നു.
നൗഷാദ് അഭിഭാഷക സ്ഥാനത്ത് ഇരിക്കുന്നതിന് യോഗ്യനല്ലെന്ന് ചൂണ്ടിക്കായ കോടതി മുന്‍കൂര്‍ ജാമ്യഹരജി തള്ളുകയും ചെയ്തു. ഇതിനുപിന്നാലെ സുപ്രീംകോടതിയെ സമീപിച്ച നൗഷാദിന്റെ അറസ്റ്റ് കോടതി തടഞ്ഞു. ഹരജി കോടതിയുടെ പരിഗണനയിലാണ്. അതേസമയം, വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി. സുപ്രിംകോടതി വിധിക്കുശേഷം നിലപാട് വിശദീകരിക്കുമെന്നും ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

