വീടിന്‍റെ ഓടുനീക്കി ഭാരമുള്ള കല്ല് തലയിലേക്ക് ഇട്ടു കൊലപ്പെടുത്താനുള്ള പദ്ധതി പാളി; കരുവാറ്റയിൽ നടപ്പാക്കിയത് പ്ലാൻ ബി
text_fieldsആലപ്പുഴ: കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്താൻ രണ്ട് പദ്ധതികൾ തയാറാക്കിയിരുന്നതായി പൊലീസ്. വീടിന്‍റെ ഓടു നീക്കി മുകളിൽ നിന്നു ഭാരമുള്ള കല്ല് തലയിലേക്ക് ഇട്ടു കൊലപ്പെടുത്താനായിരുന്നു ആദ്യത്തെ പദ്ധതി.
എന്നാൽ, വീടിന്‍റെ മേൽക്കൂരയിൽ കയറി ഓട് നീക്കിയപ്പോഴാണ് മച്ച് ഉള്ളതു മനസ്സിലാകുന്നത്. ഇതോടെ പദ്ധതി മാറ്റി. ഡൈനിങ് റൂമിലെ തറയിലിട്ട് കൈയും കാലും പരസ്പരം വരിഞ്ഞുമുറുക്കി മർദിച്ചും ശ്വാസംമുട്ടിച്ചുമാണ് വയോധികനെ കൊലപ്പെടുത്തിയത്. അടുത്ത ബന്ധുവായ 13കാരി നൽകിയ ക്വട്ടേഷൻ ഏറ്റെടുത്താണ് പ്രായപൂർത്തിയാകാത്ത കാമുകനും സുഹൃത്തുക്കളും ചേർന്ന് ക്രൂരകൃത്യം നടത്തിയത്. പ്ലസ്വണ്ണിനും പ്ലസ്ടുവിനും പഠിക്കുന്ന രണ്ടുപേരും പ്ലസ്ടു പഠനം കഴിഞ്ഞയാളും ചേർന്നാണ് ആസൂത്രിത കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു.
ശനിയാഴ്ച രാത്രിയിലാണ് പ്രതികൾ വയോധികൻ താമസിക്കുന്ന വാടകവീട്ടിലെത്തുന്നത്. ശുചിമുറിയിൽ എക്‌സ്‌ഹോസ്റ്റ് ഫാൻ വെക്കുന്നതിനായി തുറന്നിട്ട ചെറിയ ഭാഗത്തുകൂടിയാണ് വീടിനു അകത്തു കടന്നത്. പെൺകുട്ടിയുടെ പ്രേരണയിൽ സ്വർണവും പണവും അപഹരിക്കാനാണ് ആൺസുഹൃത്തും കൂട്ടുകാരും എത്തിയത്. സിനിമയിൽ കാണുന്നതുപോലെ പ്രഫഷനൽ രീതിയിലാണ് കൊലപാതകം നടത്തിയത്. വീടിന്‍റെ പിന്നിലെ വെന്‍റിലേറ്ററിലൂടെ അകത്തുകടന്ന പ്രതികൾ പൊലീസിനെ കബളിപ്പിക്കാൻ മുളകുപൊടി വിതറാനും മറന്നില്ല.
കൈയുറ ധരിക്കുകയും ചെയ്തു. സിനിമയുടെ സ്വാധീനവും കുടുംബപ്രശ്നങ്ങളും നിലനിൽക്കുന്നുണ്ട്. അച്ഛനമ്മമാരിൽനിന്ന് വേണ്ടത്ര സ്നേഹം കിട്ടാത്തതായി ചോദ്യംചെയ്യലിൽ പെൺകുട്ടി പറഞ്ഞതായി പൊലീസ് പറയുന്നു. മൃതദേഹത്തിന്‍റെ കൈയും കാലും തുണികൾകൊണ്ട് ബന്ധിച്ച നിലയിലായിരുന്നു. കൊല്ലപ്പെട്ടയാളുടെ കൈയിൽനിന്ന് പണം എടുക്കണമെന്ന് നേരത്തെ പ്ലാൻ ചെയ്തിരുന്നു. സ്ഥലം പരിശോധിച്ചപ്പോൾ വീടിന് അകത്തേക്ക് കയറിയ രീതിയും മുളകുപൊടി വിതറിയതും ആദ്യഘട്ടത്തിൽ പൊലീസിനെ തെറ്റിദ്ധരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
‘ൈക്ലമാക്സ്’ പൊളിച്ച് പൊലീസ്
കരുവാറ്റയിൽ വയോധികന്‍റെ കൊലപാതകത്തിൽ എട്ടാംക്ലാസുകാരി പൊലീസിനെയും നാട്ടുകാരെയും കബളിപ്പിക്കാൻ മെനഞ്ഞത് സിനിമയെ വെല്ലുന്ന തിരക്കഥ. ബന്ധുവായ പെൺകുട്ടിയാണ് ആദ്യം പൊലീസിനെ വിളിച്ച് ഇദ്ദേഹത്തെ കാണാനില്ലെന്ന് പരാതി പറയുന്നത്. അതനുസരിച്ചായിരുന്നു ആദ്യഘട്ട അന്വേഷണം. കൊലപാതകം നടന്ന ശനിയാഴ്ച രാത്രി താൻ കൂട്ടുകാരിയുടെ വീട്ടിലായിരുന്നുവെന്നും പെൺകുട്ടി പറഞ്ഞിരുന്നു.
കൊലപാതകം നടന്നതിന്റെ പിറ്റേന്ന് ഒന്നും അറിയാത്തതു പോലെയാണ് കൂട്ടുകാരുമൊത്ത് വീട്ടിലെത്തി വാതിലിൽ മുട്ടിയത്. ‘വാതിൽ തുറക്കുന്നില്ലെന്ന് വരുത്തിത്തീർക്കാനായിരുന്നു ശ്രമം. ഇതിന് പിന്നാലെ വൈകീട്ടും രാത്രിയിലും വീടിന്‍റെ പരിസരത്ത് എത്തി കാര്യങ്ങൾ നിരീക്ഷിച്ചു. തുടക്കം മുതൽ പെൺകുട്ടിയുടെ മൊഴിയിൽ വൈരുധ്യമുണ്ടായിരുന്നു. ശാസ്ത്രീയ തെളിവുകൾ നിരത്തിയുള്ള ചോദ്യംചെയ്യലിൽ ക്വട്ടേഷൻ നൽകിയ വിവരം സമ്മതിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ കൊലപാതകമറിഞ്ഞ് പൊലീസെത്തിയപ്പോൾ തനിക്ക് പരീക്ഷക്ക് പോകണമെന്ന് പെൺകുട്ടി തിടുക്കപ്പെട്ടു. വനിത പൊലീസ് ഉദ്യോഗസ്ഥക്ക് തോന്നിയ സംശയമാണ് കേസ് തെളിയിക്കുന്നതിൽ നിർണായകമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

