ഫോൺ പേ തട്ടിപ്പ്: രണ്ടു യുവാക്കൾ അറസ്റ്റിൽ
text_fieldsകായംകുളം: ഫോൺ പേ വഴി പണം അയച്ചുനൽകാമെന്ന് വിശ്വസിപ്പിച്ച് 2000 രൂപ തട്ടിയെടുത്ത കേസിൽ രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളം കൃഷ്ണപുരം ദേശത്തിനകം തട്ടാരുപടീത്തതിൽ സൽമാൻ (21), കൃഷ്ണപുരം ദേശത്തിനകം പന്തംപ്ലാവിൽ ലക്ഷംവീട്ടിൽ ഷമോൻ (22) എന്നിവരാണ് അറസ്റ്റിലായത്.
കായംകുളം പുതിയിടം ഭാഗത്തുള്ള എസ്.ബി.ഐ എ.ടി.എം, സി.ഡി.എം കൗണ്ടറിന് സമീപമാണ് തട്ടിപ്പ് നടന്നത്. നവംബർ മൂന്നിന് വൈകിട്ട് 3.20 ഓടെയായിരുന്നു സംഭവം.
എ.ടി.എം കൗണ്ടറിൽ പണം നിക്ഷേപിക്കാനെത്തിയ പരാതിക്കാരനോട് 2000 രൂപ നൽകിയാൽ തുക അക്കൗണ്ടിലേക്ക് ഫോൺ പേ വഴി അയച്ചുനൽകാമെന്ന് പ്രതികൾ വിശ്വസിപ്പിക്കുകയായിരുന്നു.
തുടർന്ന് പരാതിക്കാരനിൽനിന്ന് പണം കൈപ്പറ്റിയ പ്രതികൾ വാഗ്ദാനം ചെയ്തതുപോലെ അക്കൗണ്ടിലേക്ക് തുക അയച്ചുനൽകാതെ കബളിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സമാന രീതിയിൽ പണം തട്ടിയെടുത്ത സംഭവങ്ങളിൽ പ്രതികൾക്ക് പങ്കുള്ളതായാണ് സൂചന.
ചെറിയ തുകകളായതിനാൽ പലരും പരാതി നൽകാൻ മടിച്ചതാണ് ഇത്തരം തട്ടിപ്പുകൾ പുറത്തുവരാൻ വൈകാൻ കാരണമായതെന്നാണ് വിലയിരുത്തൽ. സംഭവത്തിന് പിന്നിൽ കൂടുതൽ പേർ ഉണ്ടോയെന്നും സമാന രീതിയിൽ നടന്ന മറ്റ് തട്ടിപ്പുകളിൽ ഇവർക്ക് പങ്കുണ്ടോയെന്നും പൊലീസ് നിരീക്ഷിച്ചുവരികയാണ്. കൂടുതൽ പരാതികൾ ലഭിക്കുന്നതോടെ അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസ് നീക്കം.

