പെട്രോൾ പമ്പ് സുരക്ഷ ജീവനക്കാരനെ വെട്ടിപ്പരിക്കേൽപിച്ചു
text_fieldsകാട്ടാക്കട: രാത്രി ഹെല്‍മറ്റും ജാക്കറ്റും ധരിച്ചെത്തിയയാള്‍ പെട്രോള്‍ പമ്പിലെ സുരക്ഷ ജീവനക്കാരനെ വെട്ടി.
മാറനല്ലൂര്‍ കണ്ടല പെട്രോള്‍ പമ്പിലെ സുക്ഷാജീവനക്കാരന് മാറനല്ലൂര്‍ ചീനിവള ആമണ് സ്വദേശി സുകുമാരനാണ് (62) വെട്ടേറ്റത്.
വെള്ളിയാഴ്ച പുലര്‍ച്ച ഒന്നരയോടെയാണ് സംഭവം. പമ്പിന് പിന്നിലൂടെ എത്തിയാണ് അക്രമി സുകുമാരനെ വെട്ടിയത്. കഴുത്തിനും കൈക്കും മുതുകിലും വെട്ടേറ്റ സുകുമാരന്റെ നിലവിളികേട്ട് പമ്പിലെ ടാങ്കര്‍ ലോറിയിലെ ഡ്രൈവര്‍ ഉണര്‍ന്നതോടെയാണ് അക്രമി സ്ഥലം വിട്ടത്.
ഉടന്‍തന്നെ വിവരം ഉടമയെയും പൊലീസിനെയും അറിച്ചു. തുടര്‍ന്ന് മാറനല്ലൂര്‍ പൊലീസ് സ്ഥലത്തെത്തി സുകുമാരനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മുതുകിലേറ്റ വെട്ട് ആഴത്തിലായതിനാല്‍ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അക്രമങ്ങള്‍ തുടരുന്നു; നിഷ്ക്രിയമായി പൊലീസ്
കാട്ടാക്കട: മാറനല്ലൂര്‍ പഞ്ചായത്തില്‍ അക്രമങ്ങള്‍, കൊലപാതകങ്ങള്‍, തട്ടിക്കൊണ്ടുപോകല്‍, മോഷണം തുടങ്ങിയവ കാരണം സ്വൈരജീവിതം തകർന്നു. ലഹരി, മണ്ണ് മാഫിയകള്‍ പിടിമുറുക്കി. പൊലീസും നിഷ്ക്രിയമായതോടെ ക്രമസമാധാനനില തകർന്നു. ഒടുവിലാണ് കണ്ടല പെട്രോള്‍ പമ്പിലെ സുരക്ഷാ ജീവനക്കാരന് സുകുമാരനെ രാത്രി വെട്ടിപ്പരിക്കേൽപിച്ചത്. മോഷണശ്രമമാണോ മറ്റെന്തെങ്കിലുമാണോ എന്ന് അറിയില്ലെന്നാണ് പൊലീസ് പറയുന്നത്.
എട്ട് മാസം മുമ്പാണ് മാറനല്ലൂരില്‍ ഇരട്ടക്കൊലപാതകം നടന്നത്. മാറനല്ലൂര്‍ മൂലക്കോണം ഇളംപ്ലാവിളയില് കുക്കുരിപാറക്ക് കീഴിലായുള്ള പറമ്പില്മൂലക്കോണം സ്വദേശി സന്തോഷ്, മലവിള സ്വദേശി സജീഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഏതാനും മാസങ്ങളായി മോഷണങ്ങളും അക്രമസംഭവങ്ങളും തുടരുകയാണ്. ബൈക്ക് യാത്രികനെ കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തിയശേഷം മർദിച്ച് അവശനാക്കി തട്ടിക്കൊണ്ടുപോയതും ഇവിടെയാണ്. ക്വാറി മേഖലകളും പഞ്ചായത്തിലെ ഉള്‍പ്രദേശങ്ങളും ലഹരി മാഫിയകളുടെ പിടിയിലാണ്. ഇതിനായി രാഷ്ട്രീയ നേതാക്കള്‍തന്നെ ഒത്താശ ചെയ്തുകൊടുക്കുന്നതായാണ് നാട്ടുകാരുടെ പരാതി.