ജീവനക്കാരെ ആക്രമിച്ച് പെട്രോൾ പമ്പിൽ കവർച്ച: പ്രതികൾക്ക് 16 വർഷം കഠിനതടവും പിഴയും
text_fieldsകോട്ടയം: പാമ്പാടിയിൽ പെട്രോൾ പമ്പ് ജീവനക്കാരെ ആക്രമിച്ച് കവർച്ച നടത്തിയ കേസിൽ നേപ്പാൾ സ്വദേശികളായ രണ്ട് പ്രതികൾക്ക് 16 വർഷം കഠിന തടവ്.
നേപ്പാൾ മൈന്താനഗർ സ്വദേശിയായ രാംസിങ് (33 ), നേപ്പാൾ ആംഞ്ചാം സ്വദേശി കിഷൻ ബഹാദൂർ (29) എന്നിവരെയാണ് കോട്ടയം അഡീഷനൽ സെഷൻസ് കോടതി-രണ്ട് (സ്പെഷൽ) ജഡ്ജി ജോൺസൺ ജോൺ ശിക്ഷിച്ചത്.
2018 മാർച്ച് 17 ന് രാത്രി 11.45നായിരുന്നു കേസിനാസ്പദമായ സംഭവം. പാമ്പാടി മറ്റത്തിൽപറമ്പിൽ ഫ്യുവൽസ് ജീവനക്കാരനായ വട്ടമലപ്പടി തോപ്പിൽ അനീഷിനെ(36) കമ്പിവടി കൊണ്ട് തലക്കടിച്ച് വീഴ്ത്തി ഒന്നര ലക്ഷം രൂപ കവർന്ന കേസിലാണ് ശിക്ഷ. വിവിധ വകുപ്പുകളിലാണ് 16 വർഷം കഠിനതടവ്. 85,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴസംഖ്യ പ്രതികൾ കെട്ടിവെക്കുകയാണെങ്കിൽ ഒന്നാം സാക്ഷി അനീഷിന് നൽകാനും കോടതി വിധിച്ചു. നാലുപ്രതികളുണ്ടായിരുന്ന കേസിലെ മറ്റ് രണ്ടുപേർ നേപ്പാളിലേക്ക് കടന്നുകളഞ്ഞതിനാൽ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല.
ജീവനക്കാരനായ അനീഷ് രാത്രി കാവലിനായി എത്തിയ സമയത്താണ് ആക്രമണം നടന്നത്. കമ്പിവടി അടക്കമുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് തലക്കടിച്ച് വീഴ്ത്തുകയും ഓഫിസിനുള്ളിലെ ഒരു മുറിയിൽ കെട്ടിയിടുകയും ചെയ്തതിനുശേഷമാണ് കവർച്ച നടത്തിയത്.
പമ്പിലെ കാൻറീൻ ജീവനക്കാരനായിരുന്ന നേപ്പാൾ സ്വദേശിയായ സത്യരാജ് ബൊഹ്റ നൽകിയ വിവരത്തിനനുസരിച്ചായിരുന്നു പ്രതികൾ കവർച്ച ആസൂത്രണം ചെയ്തത്.
പമ്പിലെ മറ്റൊരു ജീവനക്കാരനായ അസം സ്വദേശി സാഗ്മയെയും പ്രതികൾ ആക്രമിച്ചശേഷം മുറിയിൽ കെട്ടിയിട്ടിരുന്നു. കൃത്യത്തിനുശേഷം രക്ഷപ്പെട്ട രാംസിങിനെയും കിഷൻ ബഹാദൂറിനെയും ബംഗളൂരുവിൽനിന്ന് അന്നത്തെ പാമ്പാടി പൊലീസ് സബ് ഇൻസ്പെക്ടർ ടി.ശ്രീജിത്തും സംഘവും അറസ്റ്റ് ചെയ്യുകയായിരുന്നു.
സത്യരാജ് ബൊഹ്റ, പ്രതികളെ സഹായിച്ച നേപ്പാൾ സ്വദേശിയായ കിഷൻ ബഹാദൂർ എന്നിവരാണ് പിടിയിലാകാനുള്ളത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.ജിതേഷ് ഹാജരായി.