എസ്.ഐക്ക് നേരെ വാൾ വീശിയ ആൾ അറസ്റ്റിൽ
text_fieldsമുജീബ്
പട്ടാമ്പി: റെയ്ഡിന് പോയ എസ്.ഐക്കുനേരെ വാൾ വീശിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കള്ളടിപ്പറ്റ സ്വദേശി മുജീബിനെയാണ് (40) അറസ്റ്റ് ചെയ്തത്. ഇയാൾ സ്ഥിരം കുറ്റവാളിയും കഞ്ചാവ് കേസിലെ പ്രതിയും നിരന്തരം ശല്യക്കാരനുമാണെന്ന് പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. എസ്.ഐ പറയുന്നത്: മെഡിസേന ഭാഗത്ത് റെയ്ഡിന് പോയപ്പോഴാണ് ഒരു ഷെഡിലിരിക്കുകയായിരുന്ന മുജീബിനെ കണ്ടത്. വണ്ടി നിർത്തി അടുത്ത് ചെന്നപ്പോൾ ഷർട്ടിനു പിറകിൽ നിന്ന് വാളെടുക്കുകയും "സാർ മാറിക്കോ, അല്ലെങ്കിൽ കീറിക്കളയും" എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വാൾ ആവശ്യപ്പെട്ടപ്പോൾ കഴുത്തിന് നേരെ വീശിയെങ്കിലും ഒഴിഞ്ഞുമാറിയതിനാൽ പരിക്കേറ്റില്ല.
വീണ്ടും ആക്രമണത്തിന് തുനിഞ്ഞെങ്കിലും വാളിന്റെ മൂർച്ചയില്ലാത്ത ഭാഗം കാലിൽ കൊണ്ടതല്ലാതെ അപായമൊന്നും സംഭവിച്ചില്ല. തുടർന്ന് ഓടിപ്പോയ ഇയാളെ വൈകീട്ട് ആറുമണിയോടെ ഓങ്ങല്ലൂർ മഞ്ഞളുങ്ങൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. ഇയാൾ 2014ൽ ബാറിൽ നടന്ന കൊലക്കേസിൽ ആറ് വർഷം തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

