പണമിടപാട് തർക്കം; സുഹൃത്തിനെ വെട്ടിയ പ്രതിയെ തമിഴ്നാട്ടിൽനിന്ന് പിടികൂടി
text_fieldsതമിഴ് മണി
പെരിന്തൽമണ്ണ: പണമിടപാട് തർക്കത്തെ തുടർന്ന് സുഹൃത്തിനെ വെട്ടി കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ. തമിഴ്നാട് ചിദംബരം കടലൂർ സ്വദേശിയായ തമിഴ് മണി എന്ന ചിന്ന മണിയാണ് (38) അറസ്റ്റിലായത്. കഴിഞ്ഞ ജൂൺ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. പെരിന്തൽമണ്ണ കക്കൂത്തുള്ള വാടക ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശി തമിഴ് മാരനെയാണ് സുഹൃത്തായ ഇയാൾ കത്തി ഉപയോഗിച്ച് കഴുത്തിന് വെട്ടിയത്. തമിഴ് മാരൻ, ചിന്ന മണിക്ക് കടം കൊടുത്ത പണം തിരികെ ചോദിച്ചപ്പോഴുണ്ടായ വാക്കുതർക്കത്തിനിടയാണ് വെട്ടി പരിക്കേൽപ്പിച്ചത്.
തുടർന്ന് തമിഴ് മാരൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്ത് പ്രതി തമിഴ്നാട്ടിലേക്ക് കടന്നുകളയുകയായിരുന്നു. പ്രതി ചിദംബരത്തെ കൊടുവേലി ചാവടിയിലുള്ള വീട്ടിലെത്തിയ വിവരം ലഭിച്ചത് പ്രകാരം പെരിന്തൽമണ്ണ എസ്.ഐ പ്രദീപിന്റെ നേതൃത്വത്തിൽ എസ്.സി.പി.ഒ ഷജീർ മുതുകുറുശ്ശി, സി.പി.ഒ കൃഷ്ണപ്രസാദ് കാട്ടാക്കട എന്നിവരടങ്ങുന്ന സംഘം ചിദംബരം പൊലീസിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതിയെ പെരിന്തൽമണ്ണ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.ഐ ഷിജോ സി. തങ്കച്ചൻ, എസ്.സി.പി.ഒമാരായ ഷൗക്കത്തലി പന്തല്ലൂർ, മൻസൂർ പൂക്കോട്ടൂർ, ജിതിൻ മുട്ടുങ്ങൽ എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിക്കുന്നത്.

