പെൺകുട്ടികളെ പീഡിപ്പിച്ച പാസ്റ്റർക്ക് നാല് വധശിക്ഷ വിധിച്ച് കോടതി
text_fieldsനാഗർകോവിൽ: തിരുനെൽവേലി ജില്ലയിൽ നാല് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മതപ്രഭാഷകന് നാല് വധശിക്ഷ വിധിച്ച് പോക്‌സോ പ്രത്യേക കോടതി. പീഡനത്തിനിരയായ നാല് പെൺകുട്ടികൾക്കും 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. ദേവർകുളത്തിന് സമീപം മേല ഇളന്തൈകുളം പ്രദേശത്തെ പള്ളിയിലെ പാസ്റ്റർ ജോലി ചെയ്തിരുന്ന എബ്രാഹാം (50)ആണ് പ്രതി.
2022ലെ കോവിഡ് ലോക്ഡൗൺ കാലയളവിൽ പള്ളിയിലെത്തിയ നാല് പെൺകുട്ടികളെ പ്രതി പീഡിപ്പിച്ചെന്നാണ് കേസ്. വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പരാതിയെ തുടർന്ന് ദേവർകുളം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. തുടർന്ന് ഇന്ത്യൻ ശിക്ഷാനിയമത്തിലെയും പോക്‌സോ നിയമത്തിലെയും വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്തു.
പ്രതി ഗുരുതര കുറ്റകൃത്യമാണ് നടത്തിയതെന്ന് വിലയിരുത്തിയാണ് തിരുനെൽവേലി പോക്‌സോ പ്രത്യേക കോടതി ജഡ്ജി സുരേഷ് കുമാർ വധശിക്ഷ വിധിച്ചത്. വിധി പ്രസ്താവിക്കുന്നതിനിടെ പ്രതി കോടതിയിൽ പൊട്ടിക്കരഞ്ഞു. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് ജയിലിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

