മൂന്നാമതൊരു കുട്ടിയുണ്ടെങ്കിൽ സർക്കാർ ജോലി നഷ്ടമാകും; നവജാതശിശുവിനെ കാട്ടിൽ ഉപേക്ഷിച്ച് മാതാപിതാക്കൾ
text_fieldsപിതാവ് ബബ്ലു ദണ്ഡോലി, മാതാവ് രാജകുമാരി ദണ്ഡോലി
ഭോപ്പാൽ: മൂന്ന് ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിനെ കാട്ടിൽ ഉപേക്ഷിച്ച് മാതാപിതാക്കൾ. മധ്യപ്രദേശിലെ നന്ദൻവാടി ഗ്രാമത്തിലാണ് ദാരുണസംഭവം നടന്നത്. സർക്കാർ ജോലി നഷ്ടമാകുമെന്ന ആശങ്കയിലാണ് നവജാത ശിശുവിനെ കാട്ടിൽ ഉപേക്ഷിച്ചതെന്ന് മാതാപിതാക്കൾ പറഞ്ഞു. സർക്കാർ അധ്യാപകനായ പിതാവ് ബബ്ലു ദണ്ഡോലിയയും മാതാവ് രാജകുമാരി ദണ്ഡോലിയയുമാണ് തങ്ങളുടെ നാലാമത്തെ കുഞ്ഞിനെ കാട്ടിൽ ഉപേക്ഷിച്ചത്.
2001 ജനുവരി 26 മുതൽ മധ്യപ്രദേശ് സർക്കാരിന്റെ കീഴിൽ ജോലിചെയ്യുന്ന ജീവനക്കാർക്ക് 'രണ്ട് കുട്ടികൾ' മാത്രമേ പാടുള്ളൂ എന്ന ഉത്തരവ് സർക്കാർ പാസാക്കിയിരുന്നു. ഇത് ലംഘിച്ച് മൂന്നാമതൊരു കുഞ്ഞിന് ജന്മം നൽകിയാൽ സർക്കാർ സർവീസിൽ നിന്നും പിരിച്ചുവിടുമെന്ന് ഉത്തരവിൽ പറയുന്നുണ്ട്. ഇത് ഭയന്നാണ് ദമ്പതികൾ നവജാതശിശുവിനെ പ്രസവാനന്തരം മൂന്ന് ദിവസങ്ങൾക്ക് ശേഷം കാട്ടിൽ ഉപേക്ഷിച്ചത്. നിലവിൽ ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്. മധ്യപ്രദേശ് സിവിൽ സർവീസ് (ജനറൽ കണ്ടിഷൻ ഓഫ് സർവീസസ്) 1961ലെ നിയമം അടിസ്ഥാനമാക്കിയാണ് സർക്കാർ 2001ൽ ഈയൊരു നിയമം പാസാക്കിയത്.
സെപ്റ്റംബർ 23നാണ് രാജകുമാരി നവജാതശിശുവിന് ജന്മം നൽകിയത്. മൂന്ന് ദിവസത്തിന് ശേഷം കുഞ്ഞിനെ കാട്ടിൽ കൊണ്ടുപോയി ഉപേക്ഷിച്ചു. അതീവ രഹസ്യമായിരുന്നു ദമ്പതികളുടെ ഗർഭധാരണമെന്ന് പൊലീസ് പറഞ്ഞു.
നന്ദൻവാടി ഗ്രാമത്തിലെ പ്രഭാത സവാരിക്ക് പോയവരാണ് കുഞ്ഞിന്റെ നിലവിളി ആദ്യം കേട്ടത്. ആദ്യം കേട്ടപ്പോൾ അതൊരു മൃഗമാണെന്ന് കരുതി. പിന്നീട് അടുത്തേക്ക് ചെന്നപ്പോൾ ഒരു കല്ലിനിടയിൽ ചെറിയൊരു കൈകുഞ്ഞ് കിടന്ന് കരയുന്നതായാണ് ഗ്രാമവാസികൾ കണ്ടത്. ഉടനെ പൊലീസിൽ അറിയിക്കുകയും കുഞ്ഞിനെ സുരക്ഷിതമായി ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ചിന്ദ്‌വാര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന് ഉറുമ്പുകടിയേറ്റതായും ഹൈപ്പോതെർമിയയുടെ ലക്ഷങ്ങൾ ഉള്ളതായും ഡോക്ടർമാർ സ്ഥിരീകരിച്ചു. കുഞ്ഞിന്റെ അതിജീവനം അത്ഭുതകരമാണെന്നും ആരോഗ്യനില തൃപ്തികരമെന്നും ശിശുരോഗ വിദഗ്ദ്ധൻ പറഞ്ഞു.
ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) സെക്ഷൻ 93 പ്രകാരം മാതാപിതാക്കൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് ബി.എൻ.എസ് സെക്ഷൻ 109 (കൊലപാതകശ്രമം) ഉൾപ്പെടെയുള്ള കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും സബ് ഡിവിഷണൽ പൊലീസ് ഓഫീസർ കല്യാണി ബർകാഡെ പറഞ്ഞു. നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കനുസരിച്ച് രാജ്യത്ത് കൂടുതൽ നവജാതശിശുക്കളെ ഉപേക്ഷിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ മുമ്പിലാണ് മധ്യപ്രദേശ്. ദാരിദ്ര്യം, അപമാനം, ജോലിയുമായി ബന്ധപ്പെട്ട സർക്കാർ നയം തുടങ്ങിയവ ഇത്തരം സംഭവങ്ങൾക്ക് കാരണമാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

