എൽ.ഡി.എഫ് പതിറ്റാണ്ടുകളായി ഭരിക്കുന്ന സഹകരണ ബാങ്കിൽ കോടികളുടെ അഴിമതികളെന്ന് റിപ്പോർട്ട്
text_fieldsrepresentational image
പറവൂർ: പറവൂർ താലൂക്ക് സഹകരണ ബാങ്കിലെ അഴിമതികളെയും തിരിമറികളെയും കുറിച്ച് സഹകരണ അസിസ്റ്റൻറ് രജിസ്ട്രാർ നടത്തിയ അന്വേഷണ റിപ്പോർട്ട് പുറത്തായി. പ്രാഥമിക അന്വേഷണത്തിൽതന്നെ എൽ.ഡി.എഫ് പതിറ്റാണ്ടുകളായി ഭരിക്കുന്ന ബാങ്കിൽ നടന്ന കോടികളുടെ അഴിമതികളാണ് പുറത്തുവന്നിരിക്കുന്നത്. സമഗ്ര അന്വേഷണം ശിപാർശ ചെയ്ത് അസിസ്റ്റൻറ് രജിസ്ട്രാർ റിപ്പോർട്ട് ജോയൻറ് രജിസ്ട്രാർക്ക് കൈമാറി.
ബാങ്കിൽ നടന്ന അഴിമതികളും ബിനാമി ഭൂമി ഇടപാടുകളും നികുതി വെട്ടിപ്പും അരി കുംഭകോണവും മറ്റും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് അംഗങ്ങളായ വാണിയക്കാട് സ്വദേശി എൻ. മോഹനൻ, കിഴക്കേപ്രം സ്വദേശി അനിൽകുമാർ എന്നിവർ വിജിലൻസിന് പരാതി നൽകിയിരുന്നു.
ഇതിെൻറ അടിസ്ഥാനത്തിൽ ജോയൻറ് രജിസ്ട്രാറുടെ നിർദേശപ്രകാരമാണ് അസിസ്റ്റൻറ് രജിസ്ട്രാർ ബാങ്കിലെത്തി അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്.
2012 മുതൽ ആദായ നികുതിയിൽ മാത്രം ഒരു കോടിയിൽപരം രൂപയുടെ ക്രമക്കേട് അന്വേഷണത്തിൽ കണ്ടെത്തി. ബാങ്ക് ഇൻകംടാക്സ് ഓഡിറ്റിങ് ആൻഡ് ഫയലിങ് ഫീസ് ഇനത്തിൽ 1,38,52,530 രൂപ ചെലവഴിച്ചതായി കണക്കുകളിൽ കാണുമ്പോൾ 19, 21,292 രൂപയാണ് 2012 മുതൽ റിട്ടേൺ അടച്ചിട്ടുള്ളൂവെന്ന് കണ്ടെത്തി.
ബാക്കി തുക ഫീസ് ഇനത്തിൽ അക്കൗണ്ട് ചെയ്താണ് തിരിമറി നടത്തിയിരിക്കുന്നത്. ആദായ നികുതി ഇളവുകൾ ലഭിക്കാൻ അഭിഭാഷകെൻറ സേവനം ലഭ്യമാക്കാനാണ് ഒരു കോടി 19 ലക്ഷത്തോളം രൂപ ചെലവഴിച്ചതെന്നാണ് സെക്രട്ടറി ബോധിപ്പിച്ചിരിക്കുന്നത്.ബാങ്കിൽ 16 ലക്ഷത്തിന് പണയപ്പെടുത്തിയ വസ്തു മറ്റൊരു വ്യക്തിക്ക് വിൽപന കരാർ എഴുതി അഡ്വാൻസ് വാങ്ങിയ കേസിൽ പലിശ സഹിതം അഡ്വാൻസ് വാദിക്ക് തിരിച്ചുകൊടുക്കാൻ കോടതി ഉത്തരവുണ്ടായി.
പ്രമാണങ്ങൾ ബാങ്കിെൻറ കൈവശമിരിക്കെ നടത്തിയ ഈ തിരിമറിയിൽ ഭരണസമിതിക്കാർക്കുള്ള പങ്ക് വ്യക്തമാണെങ്കിലും പ്രമാണങ്ങൾ സുരക്ഷിതമാണെന്ന വിശദീകരണമാണ് അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയത്. ഓണത്തിന് അംഗങ്ങൾക്ക് വിതരണം ചെയ്യാൻ അരി വാങ്ങിയതിൽ സ്റ്റോർ കമ്മിറ്റി അംഗങ്ങളുടെ അമിത താൽപര്യം കണ്ടെത്തിയിട്ടുണ്ട്.
ആലുവയിലെ പോൾ ആൻഡ് കമ്പനിയിൽനിന്നും 37.40 രൂപ നിരക്കിലാണ് 35,000 കിലോ അരി വാങ്ങിയത്. മറ്റൊരു സ്ഥാപനത്തെക്കാൾ 5.50 രൂപ കൂടുതലാണിത്. ക്വട്ടേഷൻ ക്ഷണിക്കുന്നതിന് പത്രപരസ്യം നൽകിയിരുന്നില്ലെന്നും വ്യക്തമായി. ബാങ്കിൽ നടക്കുന്ന ബിനാമി ഭൂമി ഇടപാടുകളും പുറത്തുവന്നിട്ടുണ്ട്. രണ്ട് വർഷം മുമ്പ് സി.പി.എം ജില്ല നേതൃത്വം ഇടപെട്ട് മൂന്ന് അംഗങ്ങളെക്കൊണ്ട് അന്വേഷണം നടത്തിച്ചിരുന്നു. സി.പി.എം ഏരിയ കമ്മിറ്റിയിലെ മൂന്ന് പ്രമുഖർ ബാങ്ക് ഭരണസമിതി അംഗങ്ങളാണ്.