സമാന്തര എക്സ്ചേഞ്ച് കേസ്: ഒളിവിലുള്ള പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ്
text_fieldsസമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിൽ അറസ്റ്റിലാവാനുള്ള പി.പി. ഷബീർ, പി. അബ്ദുൽ ഗഫൂർ, എം.ജി. കൃഷ്ണപ്രസാദ്, നിയാസ് കുട്ടശ്ശേരി
കോഴിക്കോട്: നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ സ്ഥാപിച്ച കേസിൽ ഒളിവിലുള്ള പ്രതികൾക്കായി അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കോഴിക്കോട് ചാലപ്പുറം പുത്തൻപീടിയേക്കൽ പി.പി. ഷബീർ (45), ബേപ്പൂർ പാണ്ടികശാലക്കണ്ടി പി. അബ്ദുൽ ഗഫൂർ (45), പൊറ്റമ്മൽ മാട്ടായിപറമ്പ് ഹരികൃഷ്ണയിൽ എം.ജി. കൃഷ്ണപ്രസാദ് (34) എന്നിവർക്കെതിരെയാണ് ജില്ല സി ബ്രാഞ്ച് അസി. കമീഷണർ ടി.പി. ശ്രീജിത്ത് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.
മറ്റൊരു പ്രതി മലപ്പുറം സ്വദേശി വാരങ്ങോട് നിയാസ് കുട്ടശ്ശേരിക്കായി (40) തിരച്ചിൽ സർക്കുലറും പുറപ്പെടുവിച്ചു. പ്രതികൾക്കെതിരെ കസബ സ്റ്റേഷനിൽ അഞ്ചും നല്ലളം സ്റ്റേഷനിൽ ഒന്നുമടക്കം ആറ് കേസാണ് രജിസ്റ്റർ ചെയ്തതത്. പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനും നടപടി തുടങ്ങിയിട്ടുണ്ട്. പ്രതികളുടെ സ്വത്തുവിരങ്ങൾ തിരക്കി രജിസ്ട്രേഷൻ ഐ.ജിക്ക് അന്വേഷണ ഉദ്യോഗസ്ഥൻ അപേക്ഷ നൽകി. ആസ്തി വിവരങ്ങൾ ലഭിച്ചാലുടൻ കണ്ടുകെട്ടാനുള്ള തുടർ നടപടി സ്വീകരിക്കും. പ്രതികൾ വിദേശത്തേക്ക് കടന്നിട്ടില്ലെന്നും വിവിധ സംസ്ഥാനങ്ങളിലായി ഒളിവിൽ കഴിയുകയാണെന്നുമാണ് അന്വേഷണ സംഘം പറയുന്നത്.
കഴിഞ്ഞ ജൂലൈ ഒന്നിനാണ് ഏഴിടത്ത് സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ കണ്ടെത്തിയത്. ഇവിടങ്ങളിൽ നിന്ന് സിംബോക്സടക്കം ഉപകരണങ്ങളും നൂറുകണക്കിന് സിം കാർഡുകളുമാണ് കണ്ടെത്തിയത്. പരിശോധനക്കിടെ ഇവിടത്തെ ജീവനക്കാരൻ കൊളത്തറ സ്വദേശി ജുറൈസിനെയാണ് ആദ്യം അറസ്റ്റുചെയ്തത്. പിന്നീട് സമാന കേസിൽ ബംഗളൂരുവിൽ പിടിയിലായ മലപ്പുറം കാടാമ്പുഴ സ്വദേശി ഇബ്രാഹീം പുല്ലാട്ടിനെയും കേസിൽ പ്രതി ചേർത്ത് അറസ്റ്റുചെയ്തു. ഐ.ടി നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് കേസ്. ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കായാണ് സമാന്തര എക്സ്ചേഞ്ചുകൾ സ്ഥാപിച്ചത് എന്നാണ് പൊലീസ് കണ്ടെത്തൽ.
എക്സ്ചേഞ്ചുകൾ സ്ഥാപിച്ചവർ സർക്കാർ ഖജനാവിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയതായാണ് ടെലികമ്യൂണിക്കേഷൻ വിഭാഗം കണ്ടെത്തിയത്. രജിസ്ട്രേഷൻ ഇനത്തിൽ മാത്രം രണ്ടരക്കോടിയോളം രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്. കേസിൽ ആറുമാസത്തോളമായി ഒളിവിൽ കഴിയുന്നവരാണ് ഷബീറും അബ്ദുൽ ഗഫൂറും കൃഷ്ണപ്രസാദും. ഇതിനിടെ ഒളിവിലിരുന്ന് അബ്ദുൽ ഗഫൂർ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.