പന്തളത്തെ മയക്കുമരുന്ന് വേട്ട: പ്രതികൾ റിമാൻഡിൽ; അന്വേഷണത്തിന് പ്രത്യേക സംഘം
text_fieldsപ്രതികളെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നു
പന്തളം: പന്തളത്ത് എം.ഡി.എം.എ പിടിച്ചെടുത്ത സംഭവത്തിൽ മയക്കുമരുന്നിന്‍റെ ഉറവിടം കണ്ടെത്താൻ അടൂർ ഡിവൈ.എസ്.പി ആർ. ബിനു, പന്തളം എസ്.എച്ച്.ഒ എസ്. ശ്രീകുമാർ എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി ജില്ല പൊലീസ് മേധാവി സ്വപ്നിൽ മധുകൾ മഹാജൻ അറിയിച്ചു. പന്തളത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശനിയാഴ്ച ലോഡ്ജിൽനിന്ന് യുവതിയടക്കം അഞ്ചംഗ സംഘത്തെയാണ് അറസ്റ്റ് ചെയ്തത്. വിപണിയിൽ ഗ്രാമിന് ഒമ്പതു ലക്ഷം മുതൽ 12 ലക്ഷംവരെ വില വരുന്ന 155 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയതെന്ന് ജില്ല പൊലീസ് മേധാവി പറഞ്ഞു. അറസ്റ്റിലായ ഒന്നാംപ്രതി അടൂർ പറക്കോട് ഗോകുലത്തിൽ ആർ. രാഹുൽ, രണ്ടാംപ്രതി അടൂർ പള്ളിക്കൽ പെരിങ്ങനാട് ജലജു വിലാസത്തിൽ പി. ആര്യൻ, മൂന്നാം പ്രതി പത്തനാപുരം കുന്നിക്കോട് അസ്മിന മൻസിലിൽ ഷാഹിന, നാലാം പ്രതി കൊടുമൺ കൊച്ചുതുണ്ടിൽ സജിൻ സജി, അഞ്ചാം പ്രതി പന്തളം കുടശ്ശനാട് പ്രസന്നഭവനിൽ വിധു കൃഷ്ണൻ എന്നിവരെ ഞായറാഴ്ച വൈകീട്ട് തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.
ജില്ലയിൽ ആദ്യമായാണ് ഇത്ര വലിയ മയക്കുമരുന്ന് വേട്ടയെന്ന് പൊലീസ് ചീഫ് പറഞ്ഞു. ലഹരി മരുന്നിന്‍റെ ഉപയോഗം സ്കൂൾ കോളജുതലങ്ങളിൽ വ്യാപകമായതിനാൽ വിപുലമായ ബോധവത്കരണത്തിന് തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.
വിധു കൃഷ്ണൻ, സജിൻ സജി, ആര്യൻ എന്നിവർ അടൂർ ബോയ്സ് ഹൈസ്കൂളിലെ സഹപാഠികൾ ആയിരുന്നു. സ്കൂളിൽ ഉണ്ടാകുന്ന നിസ്സാരപ്രശ്നങ്ങളിൽ മധ്യസ്ഥനായ എത്തുന്നത് കേസിലെ ഒന്നാംപ്രതിയും ഡി.വൈ.എഫ്.ഐ പറക്കോട് മേഖലയിലെ പ്രാദേശിക നേതാവും ആയിരുന്ന രാഹുൽ ആയിരുന്നു. അങ്ങനെയാണ് ഇവർ നാലുപേരും കൂട്ടാളികളായത്. മുമ്പ് മറ്റൊരു കേസിൽ പ്രതിയായിരുന്ന രാഹുൽ, ബംഗളൂരുവിൽ ഫാഷൻ ഡിസൈൻ പഠനത്തിന് പോയിരുന്നു.
ഷാഹിനയും രാഹുലും എറണാകുളത്ത് വെച്ച് പരിചയപ്പെട്ടതായാണ് പറയപ്പെടുന്നത്. പിതാവ് ഉപേക്ഷിച്ച ഷാഹിന മാതാവിന്‍റെ സംരക്ഷണത്തിൽ അഞ്ചൽ, പത്തനാപുരം, കുന്നിക്കോട് മേഖലകളിൽ വാടകക്ക് താമസിച്ച വരുകയായിരുന്നു. ഷാഹിനയുടെ പരസ്പര വിരുദ്ധമായ മൊഴി പൊലീസിലെയും കുഴച്ചു. കഴിഞ്ഞ രാത്രി വൈകിയും വിശദമായി ചോദ്യംചെയ്തെങ്കിലും മയക്കുമരുന്നിന്‍റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

