സിന്ധുവിന്‍റെ കൊലപാതകം: പൊലീസിന് വീഴ്ചപറ്റി; മൊഴി ഗൗരവത്തിൽ എടുത്തില്ലെന്ന് ബന്ധു
text_fieldsപണിക്കൻകുടി (ഇടുക്കി): പണിക്കൻകുടിയിൽ വീട്ടമ്മയുടെ കാണാതായ സംഭവം അന്വേഷിക്കുന്നതിൽ പൊലീസിന് വീഴ്ചപറ്റിയെന്ന ആരോപണവുമായി കൊല്ലപ്പെട്ട സിന്ധുവിന്‍റെ ബന്ധു രംഗത്ത്. ബിനോയിയുടെ വീടിന്‍റെ അടുപ്പ് പുതിയതായി നിർമിച്ചതാണെന്ന് പൊലീസിനോട് പറഞ്ഞിരുന്നു. എന്നാൽ, യാതൊരു അന്വേഷണവും പൊലീസ് നടത്തിയില്ലെന്നും ബന്ധു ചൂണ്ടിക്കാട്ടി.
ഇതേതുടർന്നാണ് സ്വന്തം നിലയിൽ ബന്ധുക്കൾ അടുക്കളയിൽ പരിശോധന നടത്തിയത്. മണ്ണുമാറ്റി നോക്കിയപ്പോഴാണ് കൈ കണ്ടത്. ബന്ധുക്കൾ കൈമാറിയ മൊഴി പ്രകാരം അന്വേഷണം നടത്തിയിരുന്നെങ്കിൽ ബിനോയിയെ പൊലീസിന് പിടികൂടാൻ സാധിച്ചേനെ എന്നും ബന്ധു പറഞ്ഞു.
ബിനോയിക്ക് ഒറ്റക്ക് കൊലപാതകം ചെയ്യാൻ സാധിക്കുമെന്ന് തോന്നുന്നില്ല. ബിനോയിയുടെ സുഹൃത്ത് മത്തായിയെയും സംശയിക്കണം. ബിനോയിയും മത്തായിയും ചേർന്ന് ഏലക്ക ചുമന്ന് ഇറക്കുന്നത് കണ്ടിരുന്നതായും ബന്ധു മാധ്യമങ്ങളോട് പറഞ്ഞു.
പണിക്കൻകുടിയിൽ അയൽവാസിയുടെ അടുക്കളയിൽ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സിന്ധുവിന്‍റെ മൃതേദഹം ഇന്ന് രാവിലെയാണ് പൊലീസ് സാന്നിധ്യത്തിൽ പുറത്തെടുത്തത്. കാണാതായ സിന്ധുവിന്‍റേതാണ് മൃതദേഹമെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹത്തിന് മൂന്നാഴ്ച പഴക്കമുണ്ടെന്നാണ് നിഗമനം.
പണിക്കൻകുടിയിൽ വീട്ടമ്മയെ സമീപത്തെ വീടിന്‍റെ അടുക്കളയിൽ കൊലപ്പെടുത്തി കുഴിച്ചിട്ട നിലയിൽ കണ്ടെത്തുന്നതിലേക്ക് നയിച്ചത് 13കാരെൻറ സംശയമാണ്. മൂന്നാഴ്ച മുമ്പ് സ്ഥലത്തു നിന്ന് കാണാതായ സിന്ധുവിെൻറ മകനാണ് സംശയം ഉന്നയിച്ചത്. ആഗസ്റ്റ് 12നാണ് സിന്ധുവിനെ കാണാതായത്. മകൻ വിവരം സിന്ധുവിന്‍റെ സഹോദരന്മാരെ അറിയിച്ചു.
15ന് ഇവർ വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. ബന്ധുക്കൾ നടത്തിയ പരിശോധനയിലാണ് ബിനോയിയുടെ വീട്ടിന്‍റെ അടുക്കളയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. 16ന് ഒളിവില്‍പോയ ഇയാൾ അയല്‍ സംസ്ഥാനത്തേക്ക് കടന്നതായാണ് പൊലീസ് സംശയിക്കുന്നത്. 29ന് തൃശൂരില്‍ ബിനോയി എ.ടി.എം ഉപയോഗിച്ച് പണമെടുത്തതായും പിന്നീട് പാലക്കാട് എത്തിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.