പണിക്കൻകുടി കൊലപാതകം: ബിനോയിയെ വീട്ടിലെത്തിച്ച് തെളിവെടുത്തു
text_fieldsപണിക്കൻകുടി (ഇടുക്കി): പണിക്കൻകുടിയിൽ വീട്ടമ്മയെ അടുക്കളയിൽ കുഴിച്ചുമൂടിയ കേസിൽ പൊലീസ് തെളിവെടുപ്പ് നടത്തി. പ്രതി ബിനോയിയെ പണിക്കൻകുടിയിലെ വീട്ടിലെത്തിച്ചാണ് അന്വേഷണ സംഘം തെളിവെടുപ്പ് പൂർത്തിയാക്കിയത്. വരും ദിവസങ്ങളിൽ പ്രതി ഒളിവിൽ കഴിഞ്ഞ പാലക്കാട്, പൊള്ളാച്ചി, തൃശൂർ, ചങ്ങനാശേരി എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുക്കും.
സംശയത്തെ തുടർന്നാണ് സിന്ധുവിനെ കൊലപ്പെടുത്തിയതെന്ന് പ്രതി ബിനോയ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കൊലപാതകം നടന്ന 12ാം തീയതി രാത്രി മറ്റ് പുരുഷന്മാരെ ഫോണിൽ വിളിക്കുന്നത് സംബന്ധിച്ച് സിന്ധുവും ബിനോയിയും തമ്മിൽ വാക്കുതർക്കം ഉണ്ടായി. വാക്കുതർക്കത്തിന് പിന്നാലെ സിന്ധുവിനെ പ്രതി മർദിച്ചു.
തറയിൽ വീണ സിന്ധുവിനെ പ്രതി തലയണയും തുണിയും മുഖത്ത് അമർത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. തുടർന്ന് സിന്ധുവിന്‍റെ വസ്ത്രങ്ങൾ നീക്കം ചെയ്യുകയും അടുക്കളയിൽ മൃതദേഹം കുഴിച്ചു മൂടുകയുമായിരുന്നു.
ആഗസ്റ്റ് 12നാണ് സിന്ധുവിനെ കാണാതായത്. തുടർന്ന് മകൻ വിവരം സിന്ധുവിന്‍റെ സഹോദരന്മാരെ വിവരം അറിയിച്ചു. 15ന് ഇവർ വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. അമ്മയെ കാണാതായ ദിവസം ബിനോയിയുടെ വീട്ടില്‍ എത്തിയപ്പോഴാണ് പുതിയ അടുപ്പ് പണിതതായി ശ്രദ്ധയില്‍ പെട്ടത്.
സംശയം ഉടലെടുത്തതോടെ വെള്ളിയാഴ്ച ബിനോയിയുടെ വീട് പരിശോധിക്കാന്‍ സിന്ധുവിന്‍റെ ബന്ധുക്കൾ തീരുമാനിച്ചു. ബിനോയിയുടെ വീട്ടില്‍ എത്തിയപ്പോള്‍ അടുക്കളവാതില്‍ ചാരിയനിലയിലായിരുന്നു. വീട്ടില്‍ കയറിയ ഇവര്‍ മകൻ പറഞ്ഞ കാര്യം ശരിയാണെന്ന് ഉറപ്പിച്ചു.
പിന്നീട് പുതുതായി പണിത അടുപ്പ് പൊളിച്ച് ഇളകിയ മണ്ണ് നീക്കിയപ്പോള്‍ കൈയും വിരലുകളും കണ്ടെത്തി. തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. 16ന് ഒളിവില്‍പോയ പ്രതിയെ പെരിഞ്ചാംകുട്ടിയിൽ നിന്നാണ് വെള്ളത്തൂവൽ പൊലീസ് പിടികൂടിയത്.