ബസ് യാത്രക്കിടെ സഹയാത്രികയുടെ അഞ്ച് പവന്റെ മാല മോഷ്ടിച്ച പഞ്ചായത് പ്രസിഡന്റ് അറസ്റ്റിൽ; സംഭവം ചെന്നൈയിൽ
text_fieldsസഹയാത്രികയുടെ സ്വർണമാല മോഷ്ടിച്ചതിന് അറസ്റ്റിലായ പഞ്ചായത്ത് പ്രസിഡന്റ് ഭാരതി
ചെന്നൈ: ബസ് യാത്രക്കിടെ സഹയാത്രക്കാരിയുടെ സ്വർണമാല മോഷ്ടിച്ച വനിത പഞ്ചായത്ത് പ്രസിഡന്റിനെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. തിരുപ്പത്തൂർ ജില്ലയിലെ നരിയംപെട്ട് പഞ്ചായത്തിലെ പ്രസിഡന്റായ ഭാരതി(56)യെയാണ് അറസ്റ്റ് ചെയ്തത്. ഇവർ ഡി.എം.കെ വനിതാ നേതാവുമാണ്. നേർക്കുണ്ട്രം സ്വദേശി വരദലക്ഷ്മിയുടെ അഞ്ചു പവന്റെ മാലയാണ് ഭാരതി കവർന്നത്.
കാഞ്ചീപുരത്ത് വിവാഹ സൽകാരത്തിൽ പങ്കെടുത്ത ശേഷം ബസിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു വരലക്ഷ്മി. കോയമ്പേട് ബസ്‍സ്റ്റാന്റിൽ ഇറങ്ങിയപ്പോഴാണ് ബാഗിലുണ്ടായിരുന്ന അഞ്ച്പവന്റെ സ്വർണമാല നഷ്ടമായതായി അറിയുന്നത്.തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.
ബസിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പൊലീസ് മോഷ്ടാവിനെ കണ്ടെത്തിയത്. വരലക്ഷ്മിയുടെ ബാഗിൽ നിന്ന് ഭാരതി മാല മോഷ്ടിക്കുന്നതായിരുന്നു സി.സി.ടി.വി ദൃശ്യത്തിൽ.
തിരുപ്പത്തൂർ, വെല്ലൂർ, അമ്പൂർ എന്നിവിടങ്ങളിൽ ഭാരതിക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. കോടതിയിൽ ഹാജരാക്കിയ ഭാരതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

