പാണമ്പ്ര കുഴൽപ്പണ കവർച്ച: സൈനികൻ അറസ്റ്റിൽ
text_fieldsകുഴൽപ്പണ കവർച്ചക്കേസിൽ അറസ്റ്റിലായ സൈനികനെ തേഞ്ഞിപ്പലം എസ്.ഐ സംഗീത് പുനത്തിലിന്റെ നേതൃത്വത്തിൽ പാണാമ്പ്രയിൽ എത്തിച്ച് തെളിവെടുക്കുന്നു. (ഇൻസെറ്റിൽ ജിൽസൺ)
തേഞ്ഞിപ്പലം: പൊലീസ് ചമഞ്ഞെത്തി ചേലേമ്പ്ര സ്വദേശിയായ ബൈക്ക് യാത്രക്കാരനിൽനിന്ന് 11.40 ലക്ഷം രൂപയുടെ കുഴൽപ്പണം തട്ടിയെടുത്ത കേസിൽ സൈനികനെ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കേസിൽ ഉൾപ്പെട്ട സൈനികനെ ആഗ്രയിലെ ക്യാമ്പിൽനിന്നാണ് അറസ്റ്റ് ചെയ്തത്. തൃശൂർ സ്വദേശിയും കോയമ്പത്തൂരിൽ താമസക്കാരനുമായ എ.ജെ. ജിൽസണാണ് (37) അറസ്റ്റിലായത്. ആഗ്ര പാരാ റെജിമെന്റിൽ നായിക് ആണ് ഇയാൾ. തേഞ്ഞിപ്പലം എസ്.ഐ സംഗീത് പുനത്തിൽ, സത്യനാഥൻമനാട്ട്, സി.പി.ഒമാരായ റഫീഖ്, സബീഷ്, സുബ്രഹ്മണ്യൻ, ഹോം ഗാർഡ് മണികണ്ഠൻ എന്നിവരടരുന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യസൂത്രധാരനും സംഘത്തലവനുമായ യുവാവടക്കം ആറുപേരെ പൊലീസ് നേരത്തേ അറസ്റ്റുചെയ്തിരുന്നു.
2021 നവംബർ 30നാണ് കേസിനാസ്പദ സംഭവം. കേസെടുത്ത് ഒരു മാസത്തിനകംതന്നെ രണ്ടുപേർ അറസ്റ്റിലായിരുന്നു. ഇവരിൽനിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് സംഘത്തലവനെ പിടികൂടുന്നത്. ചേളാരിക്കടുത്ത് പാണമ്പ്രയിലായിരുന്നു ബൈക്ക് തടഞ്ഞുനിർത്തി പൊലീസ് എന്ന വ്യാജേന ബൈക്കിൽ സൂക്ഷിച്ച പണം സംഘം തട്ടിയെടുത്തത്. സംഘം പിന്നീട് കാറിൽ കടന്നുകളയുകയായിരുന്നു. ചേലേമ്പ്ര പൈങ്ങോട്ടൂർ സ്വദേശി കാളാത്ത് മുഹമ്മദ് കോയ (51) നല്‍കിയ പരാതിയെത്തുടർന്നാണ് തേഞ്ഞിപ്പലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ചെമ്മാട് ആലിന്‍ചുവട് സ്വദേശിക്ക് കൈമാറാൻ കൊണ്ടുപോയ പണമായിരുന്നു കവര്‍ച്ച ചെയ്യപ്പെട്ടത്.