അഞ്ചു ലക്ഷത്തോളം ഫോൺ കോളുകൾ പരിശോധിച്ചിട്ടും ദുരൂഹത ബാക്കി; അമ്പരന്ന് നാട്ടുകാർ
text_fieldsഇരട്ടക്കൊലപാതക കേസിൽ അറസ്റ്റിലായ അർജുനെ നെല്ലിയമ്പത്തെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുക്കുന്നു
മാനന്തവാടി: ഇരട്ടക്കൊലപാതകത്തിൽ പ്രതിയെന്നു സംശയിക്കുന്ന യുവാവിനെ പൊലീസ് പിടികൂടിയെങ്കിലും ദുരൂഹത ബാക്കി നിൽക്കുന്നു. ജനങ്ങളുടെ നിരവധി സംശയങ്ങൾക്ക് ഇനിയും ഉത്തരം ലഭിക്കേണ്ടതുണ്ട്. കൊലപാതകം നടന്ന് മൂന്നു മാസം കാണാമറയത്തായിരുന്ന ആളാണ് ഒടുവിൽ പിടിയിലായത്. കൊലപാതകം നടന്ന വീട്ടിൽ നിന്നു ഏകദേശം 250 മീറ്റർ മാത്രം അകലത്തിലാണ് ഇയാളുടെ വീട്. അഞ്ചു ലക്ഷത്തോളം ഫോൺ കോളുകൾ പരിശോധിച്ചിട്ടും നൂറു കണക്കിനു പേരുടെ വിരലടയാളങ്ങൾ പരിശോധിച്ചിട്ടും കാര്യമായ തുമ്പ് ലഭിക്കുകയോ, ഇപ്പോൾ അറസ്റ്റിലായ അർജുനിലേക്ക് എത്തുകയോ ചെയ്തില്ല.
യുവാക്കളായ രണ്ടുപേരാണ് കൃത്യം നടത്തിയതെന്നായിരുന്നു പൊലീസ് ആദ്യം പറഞ്ഞിരുന്നത്. പത്മാവതിയുടെ മൊഴിയിലും രണ്ടുപേരെന്നാണ് പറയുന്നത്. മാത്രമല്ല പൊലീസ് നായ ഈ വീടിെൻറ പരിസരത്തു പോലും എത്തിയില്ലെന്നതും സംശയങ്ങൾക്ക് ഇടനൽകുന്നുണ്ട്. അർജുന് പരസഹായമില്ലാതെ രണ്ടു പേരെ കൊല്ലാൻ കഴിയുമോ എന്ന സംശയം നാട്ടുകാർ ഉയർത്തുന്നുണ്ട്. പ്രതിയുടെ പ്രകൃതം അറിയുന്നവർ ഇത്രയും നിഷ്ഠൂരമായ കൊലപാതകം നടത്താൻ ഇയാൾക്ക് കഴിയുമോ എന്ന ചോദ്യവും ഉയർത്തുന്നുണ്ട്. സി.സി.ടി.വി, മൊബൈൽ ഫോൺ, സമാന്തര കേസുകളിലെ കുറ്റവാളികൾ തുടങ്ങിയവ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പ്രദേശവാസികളെയും ബന്ധുക്കളെയും പലതവണ ചോദ്യം ചെയ്തു. വീടിനു പിറകുവശത്തെ ജനാല വഴി അകത്തു കടന്ന കൊലയാളികൾ വീടിെൻറ മച്ചിന് മുകളിൽ ഒളിച്ചിരിക്കുകയും തുടർന്ന് അടുക്കള വഴി കൃത്യം നടന്ന സ്ഥലത്തേക്ക് എത്തിയതായാണ് മുമ്പ് പൊലീസ് പറഞ്ഞിരുന്നത്. വീട്ടിൽ കവർച്ച നടത്താൻ എത്തിയ സംഘമാണിവരെന്നും ഇവർ വീട്ടുകാർക്ക് സുപരിചിതരായിരുന്നെന്നും എന്തോ ശബ്ദം കേട്ട് എത്തിയ കേശവനെ സംഘം ആക്രമിക്കുകയായിരുന്നു.
ഇതു കണ്ടെത്തിയ ഭാര്യ പത്മാവതിയെയും ആക്രമിച്ച ശേഷം ഇവർ കടന്നു കളഞ്ഞെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിച്ചത്. കൊലപാതകം നടന്ന വീട്ടിൽനിന്ന് ഒന്നും മോഷണം പോയിട്ടുമില്ല. അർജുനിലേക്ക് അന്വേഷണം എത്തിയതിനു പിന്നിലെ ശാസ്ത്രീയ തെളിവുകളും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. യഥാർഥ പ്രതി തന്നെയാണ് വലയിലായതെന്ന് തെളിയിക്കേണ്ടതും ദുരൂഹത നീക്കേണ്ടതും അന്വേഷണ സംഘമാണ്.