‘തും ബംഗ്ലാദേശി?’ -പിന്നെ അടിയോടടി; വാളയാറിൽ ആൾക്കൂട്ടം തല്ലിക്കൊന്ന രാം നാരായണനെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
text_fieldsവാളയാർ (പാലക്കാട്): ഛത്തിസ്ഗഢ് സ്വദേശി രാം നാരായണൻ വയ്യാറിനെ വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ടം കൊലപ്പെടുത്തിയത് മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമെന്ന് പൊലീസ്. മർദനമേറ്റ് ചോരതുപ്പി നിലത്തുവീണ ശേഷം ബംഗ്ലാദേശിയാണോ എന്ന് ചോദിച്ചാണ് വീണ്ടും തുരുതുരെ തല്ലി കൊലപ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സംഭവത്തിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അട്ടപ്പള്ളം സ്വദശേികളായ കല്ലങ്കാട് വീട്ടിൽ അനു ( 38), മഹൽകാഡ് വീട്ടിൽ പ്രസാദ് ( 34), മഹൽകാഡ് വീട്ടിൽ മുരളി ( 38), കിഴക്കേ അട്ടപ്പള്ളം ആനന്ദൻ (55), വിനീത നിവാസിൽ ബിപിൻ ( 30) എന്നിവരെയാണ് വാളയാർ പൊലീസ് അറസ്റ്റ് ചെയ്തത്. ആൾക്കൂട്ടആക്രമണത്തിന് ബി.എൻ.എസ് 103 (2) പ്രകാരമാണ് കേസെടുത്തത്.
ഇവരെ വൈദ്യപരിശോധനക്ക് ശേഷം റിമാൻഡ് ചെയ്തു. സംഭവത്തില്‍ 10 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഇനിയും പ്രതികളെ പിടികൂടാനുണ്ട്. അതേസമയം രാം നാരായണെൻറ മൃതദേഹം തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി.
ബുധനാഴ്ച ഉച്ചതിരിഞ്ഞ് രണ്ടരയോടെ അട്ടപ്പള്ളം മാതാളികാട് ഭാഗത്താണ് രാംനാരായണിന് മർദനമേറ്റത്. തൊഴിലുറപ്പ് തൊഴിലാളികൾ പണിചെയ്തിരുന്ന സ്ഥലത്ത് വീടിനും കടകൾക്കും സമീപം സംശയാസ്പദമായ രീതിയിൽ രാംനാരായണിനെ കണ്ടെത്തിയെന്നാണ് നാട്ടുകാർ പറയുന്നത്. ഇയാൾ മദ്യപിച്ചിരുന്നുവത്രെ.
തൊഴിലുറപ്പ് തൊഴിലാളികൾ വിവരമറിയിച്ചതിനെത്തുടർന്ന് സമീപത്തുണ്ടായിരുന്ന യുവാക്കൾ സ്ഥലത്തെത്തി ഇയാളെ പിടികൂടി. മോഷണക്കുറ്റം ആരോപിച്ച് ഇവർ ഇയാളെ ക്രൂരമായി മർദിക്കുകയായിരുന്നു. എന്നാൽ, കയ്യില്‍ മോഷണവസ്തുക്കളൊന്നും ഉണ്ടായിരുന്നില്ല. ചോരതുപ്പി കുഴഞ്ഞുവീണ ഇയാളെ മണിക്കൂറുകൾക്ക് ശേഷമാണ് പൊലീസെത്തി ആംബുലൻസിൽ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
പോകുംവഴി പുതുശ്ശേരിയിലെത്തിയതോടെ അവശനായി കുഴഞ്ഞുവീണു. ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോൾ മരണം സ്ഥിരീകരിച്ചു. രാംനാരായണിന്റെ ശരീരമാസകലം മർദനമേറ്റ പാടുകൾ കണ്ടെത്തിയിരുന്നു. തലയ്ക്കും സാരമായ പരിക്കേറ്റിരുന്നു. ജില്ലാ ആശുപത്രിയിൽ പൊലീസ് സർജനില്ലാത്തതിനാൽ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

