300ലേറെ തെരുവ്നായ്ക്കളെ വിഷം കുത്തിവെച്ച് െകാന്നു; പഞ്ചായത്തിനെതിരെ കേസ്
text_fieldsRepresentational Image
വിജയവാഡ (ആന്ധ്ര പ്രദേശ്): 300ലധികം തെരുവ് നായ്ക്കളെ വിഷം കുത്തിവെച്ച് കൊന്ന സംഭവത്തിൽ വെസ്റ്റ് ഗോദാവരി ജില്ലയിലെ ഗ്രാമ പഞ്ചായത്തിനെതിരെ കേസ്.
വെസ്റ്റ് ഗോദാവരിയിലെ ലിംഗപാളയം പ്രദേശത്താണ് സംഭവം. മൃഗ സംരക്ഷണതിനായി പ്രവർത്തിക്കുന്ന ചല്ലപ്പള്ളി ചാരിറ്റബിൾ ട്രസ്റ്റ് ട്രഷററായ ശ്രീലത ചല്ലപ്പള്ളിയാണ് പഞ്ചായത്ത് അധികൃതർ ദേക്കല സമുദായത്തിന്‍റെ പിന്തുണയോടെ നായ്ക്കളെ കൊല്ലാൻ തീരുമാനിച്ചതെന്ന് ആരോപിച്ചു.
'പഞ്ചായത്ത് അധികൃതർ നായ്ക്കളെ സർക്കാർ നടപടിക്രമങ്ങൾ അനുസരിച്ച് വന്ധ്യംകരിക്കുന്നതിന് പകരം ജൂലൈ 24 മുതൽ അവയെ കൊല്ലുകയാണ്' -ശ്രീലത ടൈംസ് ഒാഫ് ഇന്ത്യയോട് പറഞ്ഞു. നായ്ക്കളെ സംസ്കരിച്ച സ്ഥലത്തെത്തി കാര്യങ്ങൾ വീക്ഷിച്ച ശേഷമാണ് ശ്രീലത ധർമജിഗുഡം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.
പരാതി സ്വീകരിച്ച പൊലീസ് നായ്ക്കളുടെ മരണ കാരണം സ്ഥിരീകരിക്കാൻ പോസ്റ്റ്മോർട്ടം നടത്തുമെന്ന് വ്യക്തമാക്കി. ഗ്രാമത്തിൽ തന്നെയുള്ള ഫാർമസിയിൽ നിന്നാണ് വിഷം വാങ്ങിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.