ബസ് യാത്രക്കിടെയുള്ള മോശമായ പെരുമാറ്റം: `ഓപറേഷന് വിദ്യ'യുമായി അധികൃതർ
text_fieldsകൊച്ചി: ബസ് യാത്രക്കിടെ വിദ്യാർഥികള്‍ നേരിടുന്ന മോശമായ പെരുമാറ്റത്തിന് തടയിടാന്‍ ജില്ല ഭരണകൂടവും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി നടപ്പാക്കുന്ന മിന്നല്‍ പരിശോധനക്ക് തുടക്കം.
ഓപറേഷന് വിദ്യ എന്ന പേരില്‍ നടപ്പാക്കിയ പദ്ധതിയുടെ ആദ്യദിവസം 38 സ്വകാര്യ ബസുകള്‍ പരിശോധിച്ചു. ആറുമണിക്കൂര്‍ നീണ്ട പരിശോധനയില്‍ 12 വളന്റിയര്‍മാര്‍ ബസുകളില്‍ യാത്ര ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തി. ജില്ല റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ചെയര്മാന് കൂടിയായ കലക്ടര്‍ ജാഫര്‍ മാലിക്കിന് റിപ്പോര്‍ട്ട് നല്കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും പരിശോധന തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാർഥികളുടെ സുഗമയാത്രയും അര്‍ഹമായ അവകാശങ്ങളും ഉറപ്പുവരുത്തുക, അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഓപറേഷന് വിദ്യ. ബസ് യാത്രക്കിടയില്‍ നേരിടുന്ന മോശമായ പെരുമാറ്റം, കണ്സഷന് നിഷേധം, വിവേചനം തുടങ്ങി നിരവധി പരാതികളാണ് ജില്ല ഭരണകൂടത്തിനും മോട്ടോര്‍ വാഹന വകുപ്പിനും ലഭിച്ചിട്ടുള്ളത്. ഇതേതുടര്‍ന്നാണ് നെഹ്റു യുവകേന്ദ്രയില്നിന്നുള്ള വളന്റിയര്‍മാരുടെ സഹായത്തോടെ വിവരശേഖരണത്തിന് പദ്ധതി തയാറാക്കിയത്.
മോശം പെരുമാറ്റം കണ്ടെത്തിയത് രണ്ടു ബസിൽ
പരിശോധനയുടെ ആദ്യദിവസം 38 ബസുകളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് വിദ്യാർഥികള്‍ വിവേചനവും മോശമായ പെരുമാറ്റവും നേരിടുന്നതായി കണ്ടെത്തിയത്. കലൂര്‍-പുക്കാട്ടുപടി റൂട്ടില്‍ സര്‍വിസ് നടത്തുന്ന ഒരു ബസില്‍ സ്കൂള്‍ വിദ്യാർഥികളെ സീറ്റുണ്ടായിരുന്നിട്ടും ഇരിക്കാന്‍ അനുവദിച്ചില്ല. പെരുമ്പാവൂര്‍-കോതമംഗലം റൂട്ടിലെ ഒരു ബസില്‍ വിദ്യാർഥികളോട് കണ്ടക്ടര്‍ മോശമായി പെരുമാറിയത് കൂടാതെ കയറ്റുന്നതില്‍ വിമുഖത കാണിക്കുക, സ്റ്റോപ്പുകളില്‍ നിര്‍ത്താതിരിക്കുക തുടങ്ങിയവയും വളന്റിയര്‍ കണ്ടെത്തി. അതേസമയം, വിദ്യാർഥികളോട് വളരെ നല്ല രീതിയില്‍ പെരുമാറിയ ജീവനക്കാരുമുണ്ട്. മറ്റൊരു ബസില്‍ യൂണിഫോമിലായിരുന്ന വിദ്യാർഥി മുഴുവന്‍ നിരക്കും നല്‍കിയിട്ടും കണ്സഷന് നിരക്ക് മാത്രമാണ് കണ്ടക്ടര്‍ സ്വീകരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. അങ്കമാലി-പെരുമ്പാവൂര്‍, ചിറ്റൂര്‍-എറണാകുളം, കലൂര്‍-പുക്കാട്ടുപടി, മുനമ്പം-ഹൈകോടതി, മൂവാറ്റുപുഴ-കോതമംഗലം, പെരുമ്പാവൂര്‍-കോതമംഗലം, പിറവം-കലൂര്‍ എന്നീ റൂട്ടുകളിലായിരുന്നു ആദ്യദിവസത്തെ പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

