ഒാപറേഷന് സൈലന്‍സ് മണ്ണാര്‍ക്കാട്ട് 28 കേസ്: പിഴ ഒന്നേകാല്‍ ലക്ഷം
text_fieldsമണ്ണാര്‍ക്കാട്: അമിതശബ്ദവുമായി കുതിക്കുന്ന വാഹനങ്ങളെ തടയാൻ 'ഒപറേഷന് സൈലന്‍സി'ൽ മണ്ണാർക്കാട് താലൂക്കിൽ 28 കേസുകൾ രജിസ്റ്റർ ചെയ്തു. വാഹനങ്ങളിലെ സൈലന്‍സറില്‍ മാറ്റം വരുത്തി അമിതശബ്ദമുണ്ടാക്കുന്നവരെ പിടിക്കാനാണ് ഓപറേഷന് സൈലന്‍സുമായി മോട്ടോര്‍ വാഹന വകുപ്പ് നിരത്തിലിറങ്ങിയത്. സംസ്ഥാനത്താകമാനം ആരംഭിച്ച ദൗത്യത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് താലൂക്കിലും പരിശോധന കര്‍ശനമാക്കി. ആദ്യ ദിവസത്തെ പരിശോധനയിലാണ് 28 പേര്‍ക്കെതിരെ കേസെടുത്ത് 1,22,000 രൂപ പിഴ ഈടാക്കിയത്.
ഇരുചക്ര വാഹനങ്ങളിലെ സൈലന്‍സര്‍ മാറ്റം വരുത്തുന്നത് റോഡുകളില്‍ നിയമാനുസൃതം യാത്ര ചെയ്യുന്നവര്‍ക്കും റോഡിന് ഇരുവശങ്ങളിലായി താമസിക്കുന്നവര്‍ക്ക് ശല്യവും ആരോഗ്യത്തിന് ഭീഷണിയും പരിസര മലിനീകരണവും ശബ്ദമലിനീകരണവും ഉണ്ടാക്കുന്നു.
ഫെബ്രുവരി 14 മുതല്‍ 18 വരെയാണ് പ്രത്യേക പരിശോധന നടക്കുക. ഹെഡ് ലൈറ്റ് തീവ്രപ്രകാശമുള്ളതാക്കുന്നത്, ഹാന്‍ഡില്‍ ബാര്‍ മാറ്റുന്നത്, വാഹനങ്ങളിലെ മറ്റു ഘടനാപരമായ മാറ്റങ്ങള്‍ തുടങ്ങിയവക്കെതിരെയും നടപടിയെടുക്കും.
ക്രമക്കേട് കണ്ടെത്തുന്ന വാഹനങ്ങളിലെ അനധികൃത മാറ്റങ്ങള്‍ വാഹന ഉടമയുടെ/ ഡ്രൈവറുടെ ചെലവില്‍ പരിഹരിക്കാനാണ് നിര്‍ദേശം. സൈലന്‍സര്‍ രൂപ മാറ്റത്തിന് 5000 രൂപയാണ് പിഴ, എയര്‍ ഹോള്‍ ഘടിപ്പിച്ചാല്‍ 2000 രൂപയും ടയര്‍ ഉള്‍പ്പെടെയുള്ള വാഹനത്തിന്റെ ഘടനാപരമായ മാറ്റങ്ങള്‍ വരുത്തുന്നതിന് 5000 രൂപയുമാണ് പിഴ ഈടാക്കുക. Wനിയമലംഘനം ആവര്‍ത്തിച്ചാല്‍ വാഹനത്തിന്റെ രജിസ്ട്രേഷന് റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി.
താലൂക്കില്‍ ദേശീയപാതയില്‍ കല്ലടിക്കോട് മുതല്‍ തച്ചമ്പാറ വരെയായിരുന്നു ആദ്യ ദിവസം പ്രത്യേക പരിശോധന നടന്നത്. സൈലന്‍സറില്‍ മാറ്റം വരുത്തിയ 12 പേര്, എയര്‍ ഹോണ്‍ ഘടിപ്പിച്ചതിന് ആറുപേര്‍, ടയര്‍ ഉള്‍പ്പെടെയുള്ള വാഹനത്തിന് ഘടനാപരമായ രൂപമാറ്റം വരുത്തിയ 10 പേര്‍ക്കെതിരെയുമാണ് കേസെടുത്തത്. പാലക്കാട് എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ കെ. ജയേഷ്കുമാറിന്റെ നിര്‍ദേശാനുസരണം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പി.എം. രവികുമാര്‍, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ എം.പി. മുകേഷ്, എൻ. സാബിര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ചൊവ്വാഴ്ച മണ്ണാര്‍ക്കാട് ടൗണിലും പരിസരങ്ങളിലുമായി പരിശോധന നടത്താനാണ് നീക്കം.

