ഓപറേഷൻ ഡാർക്ക് ഹണ്ട്: രണ്ടുപേരെ കാപ്പ ചുമത്തി നാടുകടത്തി
text_fieldsമുക്താര്‍, നാദിര്‍ഷാ
പറവൂർ: നിരന്തര കുറ്റവാളികളായ രണ്ടുപേരെ കാപ്പ ചുമത്തി നാടുകടത്തി. മന്നം താണിപ്പാടം കാഞ്ഞിരപ്പറമ്പില്‍ വീട്ടില്‍ മുക്താര്‍ (29), താണിപ്പാടം തോപ്പില്‍പറമ്പില്‍ വീട്ടില്‍ നാദിര്‍ഷാ (33) എന്നിവരെയാണ് ആറു മാസത്തേക്ക് നാടുകടത്തിയത്. ജില്ല പൊലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റേഞ്ച് ഡി.ഐ.ജി നീരജ് കുമാർ ഗുപ്തയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
പറവൂര്‍, ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷന് പരിധികളില്‍ കൊലപാതക ശ്രമം, അടിപിടി കേസ്, തുടങ്ങി നിരവധി കേസുകളിൽ പ്രതികളാണിവർ. മാവിന്‍ചുവട് മുബാറക്ക് വധക്കേസിലെ ഒന്നാം പ്രതിയായ റംഷാദിനെ കഴിഞ്ഞ ആഗസ്റ്റ് അവസാനം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് ഇരുവരും. ഈ കേസിലെ മറ്റൊരു പ്രതിയായ സജാദിനെ ഈ മാസം ആദ്യം ഒരു വര്‍ഷത്തേക്ക് കാപ്പ ചുമത്തി ജയിലില്‍ അടച്ചിരുന്നു. ഓപറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി കാപ്പ ചുമത്തി 44 പേരെ ഇതുവരെ നാട് കടത്തി. 64 പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

