ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; കോഴിക്കോട് സ്വദേശികൾക്ക് ഒന്നരക്കോടിയോളം രൂപ നഷ്ടമായി
text_fieldsവടകര: ഓൺലൈൻ ട്രേഡിങ്ങിലൂടെ വൻ തുക ലാഭം വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുക്കുന്ന സൈബർ സംഘങ്ങൾ സംസ്ഥാനത്ത് സജീവമാകുന്നു. കോഴിക്കോട് അത്തോളി സ്വദേശിയായ റിട്ട. സർക്കാർ ഉദ്യോഗസ്ഥന് ഒരു കോടി 21 ലക്ഷം രൂപയും തോടന്നൂർ സ്വദേശിയായ ബിസിനസുകാരന് 45 ലക്ഷം രൂപയും നഷ്ടമായതോടെയാണ് തട്ടിപ്പിന്റെ വ്യാപ്തി പുറത്തുവന്നത്. സംഭവത്തിൽ അത്തോളി പൊലീസും സൈബർ ക്രൈം പൊലീസും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു.
ഇൻസ്റ്റഗ്രാം ലിങ്കുകൾ വഴിയും വാട്സ് ആപ്പ്, ടെലഗ്രാം ഗ്രൂപ്പുകളിലൂടെയുമാണ് തട്ടിപ്പുകാർ ഇരകളെ കണ്ടെത്തുന്നത്. സോഷ്യൽ മീഡിയയിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം നിക്ഷേപങ്ങളെക്കുറിച്ച് സംസാരിച്ച് ട്രേഡിങ്ങിലേക്ക് ആകർഷിക്കുന്നതാണ് ഇവരുടെ രീതി. വിശ്വാസം നേടിയെടുക്കാനായി ഒറിജിനലിനെ വെല്ലുന്ന രീതിയിലുള്ള വ്യാജ ട്രേഡിങ് പ്ലാറ്റ്ഫോമുകൾ നിർമിക്കുകയും തുടക്കത്തിൽ ചെറിയ ലാഭം തിരിച്ചു നൽകുകയും ചെയ്യും. ഇത് വിശ്വസിച്ച് ഇരകൾ വൻ തുകകൾ നിക്ഷേപിക്കുന്നതോടെ തട്ടിപ്പുകാർ പണം കൈക്കലാക്കും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഡമ്മി അക്കൗണ്ടുകളിലേക്കാണ് പണം ട്രാൻസ്ഫർ ചെയ്യിപ്പിക്കുന്നത്. ഇത്തരത്തിൽ ലഭിക്കുന്ന തുക ഉടൻതന്നെ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റി യു.എസ്.ഡി.ടി, ക്രിപ്റ്റോ കറൻസി എന്നിവയാക്കി വിദേശത്തേക്ക് കടത്തുകയാണ് ചെയ്യുന്നത്.
പൊലീസും ബാങ്കുകളും മാധ്യമങ്ങളും നിരന്തരം മുന്നറിയിപ്പ് നൽകിയിട്ടും ഒട്ടനവധി പേർ ഇപ്പോഴും ഇത്തരം കെണികളിൽ അകപ്പെടുന്നുണ്ട്. സമൂഹ മാധ്യമം വഴി അപരിചിതരുമായി സൗഹൃദം സ്ഥാപിക്കുന്നവർ അതിജാഗ്രത പുലർത്തണമെന്നും അമിത ലാഭം വാഗ്ദാനം ചെയ്യുന്ന പ്ലാറ്റ്ഫോമുകളിൽ വീഴരുതെന്നും കോഴിക്കോട് റൂറൽ സൈബർ ക്രൈം പൊലീസ് അറിയിച്ചു.
തട്ടിപ്പിൽ വീഴാതിരിക്കാൻ...
അപരിചിതരുടെ ലിങ്കുകൾ ഒഴിവാക്കുക: ഇൻസ്റ്റഗ്രാം, ടെലഗ്രാം വഴിയുള്ള അമിത ലാഭ വാഗ്ദാനങ്ങൾ നൽകുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക. വ്യാജ ആപ്പുകൾ തിരിച്ചറിയുക. പ്ലേ സ്റ്റോറിലോ ആപ്പ് സ്റ്റോറിലോ ലഭ്യമല്ലാത്തതും നേരിട്ട് അയച്ചുതരുന്നതുമായ ട്രേഡിങ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യരുത്. സൗഹൃദങ്ങളിൽ ജാഗ്രത: സമൂഹ മാധ്യമം വഴി നിക്ഷേപങ്ങളെക്കുറിച്ച് സംസാരിക്കുന്ന അപരിചിതരെ വിശ്വസിക്കരുത്.
ചെറിയ ലാഭം ഒരു കെണിയാണ്: വിശ്വാസം നേടാൻ തുടക്കത്തിൽ ലഭിക്കുന്ന ചെറിയ തുകകൾ വൻ നിക്ഷേപത്തിനുള്ള പ്രലോഭനമാണെന്ന് തിരിച്ചറിയുക. പരാതിപ്പെടാൻ വൈകരുത്: തട്ടിപ്പിനിരയായാൽ ഉടൻ തന്നെ 1930 എന്ന സൈബർ ഹെൽപ് ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന വെബ്സൈറ്റിലോ വിവരം അറിയിക്കുക. ആദ്യത്തെ രണ്ട് മണിക്കൂർ (ഗോൾഡൻ ഹവർ) വളരെ നിർണായകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

