ലക്ഷങ്ങളുടെ ഓൺലൈൻ തട്ടിപ്പ്; രണ്ട് ബിഹാർ സ്വദേശികൾ അറസ്റ്റിൽ
text_fieldsപ്രതികളായ ചന്ദൻ, ദേവ്
മംഗളൂരു: ലക്ഷക്കണക്കിന് രൂപയുടെ ഓൺലൈൻ തട്ടിപ്പ് കേസിൽ ബിഹാർ സ്വദേശികളായ രണ്ട് പ്രതികളെ ഉഡുപ്പി ജില്ല സി.ഇ.എൻ പൊലീസ് അറസ്റ്റ് ചെയ്തു. പട്‌ന ജില്ലയിലെ ദേവ് ഹർഷ് (20), നളന്ദ ജില്ലയിലെ ചന്ദൻ കുമാർ (29) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 97,000 രൂപ വിലമതിക്കുന്ന 10 മൊബൈൽ ഫോണുകൾ, 68,000 രൂപ വിലമതിക്കുന്ന നാല് ലാപ്‌ടോപ്പുകൾ, 4,50,000 രൂപ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
റിലയൻസ് ഇൻഡസ്ട്രീസിന് കീഴിലുള്ള കാമ്പ കോള ഫ്രാഞ്ചൈസിക്ക് ഓൺലൈനായി അപേക്ഷിച്ച പരാതിക്കാരനാണ് തട്ടിപ്പിനിരയായതെന്ന് പൊലീസ് പറഞ്ഞു. അപേക്ഷ സമർപ്പിച്ച് കുറച്ചു ദിവസങ്ങൾക്കുശേഷം കൂടുതൽ വിശദാംശങ്ങളും രേഖകളും ആവശ്യപ്പെട്ട് പരാതിക്കാരന് കാളുകളും ഇ മെയിലുകളും ലഭിച്ചു. ആശയവിനിമയം യഥാർഥമാണെന്ന് വിശ്വസിച്ച് തന്റെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, ബാങ്ക് വിശദാംശങ്ങൾ, ആധാർ കാർഡ് എന്നിവ അയച്ചു. തുടർന്ന്, അദ്ദേഹത്തിന്റെ അപേക്ഷ സ്വീകരിച്ചതായി അറിയിച്ചു.
പ്രതികളുടെ നിർദേശപ്രകാരം രജിസ്ട്രേഷനും ഉൽപന്ന ബുക്കിങ്ങിനുമായി ഘട്ടംഘട്ടമായി 5,72,500 രൂപ നൽകിയ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റി. പ്രതികൾ കൂടുതൽ പണം ആവശ്യപ്പെട്ടപ്പോൾ പരാതിക്കാരന് സംശയം തോന്നി. വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ അദ്ദേഹം, കാമ്പ കോള ഫ്രാഞ്ചൈസി നൽകാമെന്ന് വ്യാജമായി വാഗ്ദാനം ചെയ്ത് 5,72,500 രൂപ തട്ടിപ്പുകാർ കൈപ്പറ്റിയതായി പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘങ്ങൾ പട്നയിലും ബംഗളൂരുവിലും അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തു. അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ഡോ. ഹർഷ പ്രിയംവദയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. സർക്കിൾ ഇൻസ്‌പെക്ടർ നിലേഷ് ജി ചവാൻ, സബ് ഇൻസ്‌പെക്ടർ അശോക് കുമാർ, സി.ഇ.എൻ സ്റ്റേഷൻ സ്റ്റാഫ് രാഘവേന്ദ്ര കർക്കട, പ്രവീൺ കുമാർ, പ്രവീൺ ഷെട്ടിഗർ, രാജേഷ്, ദീക്ഷിത്, എ.എസ്.ഐ ഉമേഷ് ജോഗി, യതീൻ, വെങ്കിടേഷ്, ധർമപ്പ, ഹേമരാജ്, നിലേഷ്, പവൻ, ദിനേശ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

