Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകാൾ സെൻറർ മറവിൽ ഓൺലൈൻ...

കാൾ സെൻറർ മറവിൽ ഓൺലൈൻ തട്ടിപ്പ്: പ്രതികളെ വലയിലാക്കിയത് പഴുതടച്ച അന്വേഷണം

text_fields
bookmark_border
കാൾ സെൻറർ മറവിൽ ഓൺലൈൻ തട്ടിപ്പ്: പ്രതികളെ വലയിലാക്കിയത് പഴുതടച്ച അന്വേഷണം
cancel

കൽപറ്റ: അന്തർ സംസ്ഥാന ഓൺലൈൻ തട്ടിപ്പ് സംഘം വലയിലായത് പൊലീസിന്റെ മാസങ്ങൾ നീണ്ട, പഴുതടച്ച അന്വേഷണത്തിനൊടുവിൽ. മലയാളികൾ അടക്കമുള്ള തട്ടിപ്പ് സംഘത്തെ അറസ്റ്റ് ചെയ്യാനായത് വയനാട് സൈബർ ക്രൈം പൊലീസിന്റെ അന്വേഷണ മികവിന് പൊൻതൂവലായി. ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോം ആയ മീശോയിൽ നിന്ന് വൈത്തിരി സ്വദേശി സാധനങ്ങൾ വാങ്ങിയിരുന്നു. ഏതാനും ദിവസങ്ങൾക്കകം ഇദ്ദേഹത്തിന് എക്സ്.യു.വി കാർ സമ്മാനം ലഭിച്ചുവെന്ന അറിയിപ്പ് 'മീശോ'യുടെ വ്യാജ കാൾസെന്ററിൽനിന്ന് ലഭിച്ചു. സന്തോഷവാർത്ത അറിയിച്ച ശേഷം രജിസ്ട്രേഷൻ ഫീസ് ഇനത്തിൽ ചെറിയ സംഖ്യ അടക്കാൻ ആവശ്യപ്പെട്ടു.

തുടർന്ന് തട്ടിപ്പ് സംഘം തന്ത്രപൂർവം വിവിധ ഫീസ് ഇനത്തിൽ 12 ലക്ഷത്തോളം രൂപ വാങ്ങിയെടുക്കുകയായിരുന്നു. തുടർന്നും പണം ആവശ്യപ്പെട്ടപ്പോഴാണ് പരാതിക്കാരൻ 2022 ജനുവരിയിൽ സൈബർ പൊലീസിനെ സമീപിച്ചത്.പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിയപ്പോൾ, മലയാളികളാണ് പരാതിക്കാരനോട് സംസാരിച്ചത് എന്നു മനസ്സിലായി. പിടിക്കപ്പെടാതിരിക്കാൻ തട്ടിപ്പുകാർ ഉപയോഗിച്ച സിം കാർഡുകളും പണം സ്വീകരിച്ച ബാങ്ക് അക്കൗണ്ടുകളും ദരിദ്രരായ പശ്ചിമ ബംഗാൾ സ്വദേശികളുടെ പേരിൽ ഉള്ളതായിരുന്നു. എന്നാൽ, തട്ടിപ്പുകാരുടെ മൊബൈൽ ഫോൺ ലൊക്കേഷൻ ഡൽഹിയിലും പണം പിൻവലിച്ചിരിക്കുന്നത് ബിഹാറിലെ വിവിധ എ.ടി.എമ്മുകളിൽ നിന്ന് മുഖം മറച്ച ചിലരാണെന്നും വ്യക്തമായി. രണ്ടര മാസത്തോളം നീണ്ട കുറ്റമറ്റ നീക്കങ്ങളിലൂടെയാണ് പൊലീസ് സംഘം പ്രതികളിലേക്ക് എത്തിയത്.

കൂടുതൽ അന്വേഷണത്തിൽ ബിഹാറിൽ നിന്നുള്ളവർ നടത്തുന്ന വൻ വ്യാജ കാൾ സെന്റർ മാഫിയ ആണ് തട്ടിപ്പിന് പിന്നിൽ എന്നും മനസ്സിലായി. കഴിഞ്ഞ മാസം അന്വേഷണ സംഘം ഡൽഹിയിലെത്തി നേരത്തേ പ്രതികളുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ ലഭിച്ചിരുന്ന സ്ഥലത്തു ഒരാഴ്ച തുടർച്ചയായി തിരച്ചിൽ നടത്തിയെങ്കിലും ജനനിബിഢമായ ഗലികളിൽ നിന്ന് തട്ടിപ്പ് സംഘത്തിന്റെ ഓഫിസ് കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന്, തട്ടിപ്പ് സംഘത്തിനു ബാങ്ക് അക്കൗണ്ടുകൾ വിൽപന നടത്തിയ ഒരാളെ, കൊറിയർ ഏജന്റ് ആണെന്ന വ്യാജേന വിളിച്ചുവരുത്തി പിടികൂടാൻ പൊലീസിന് കഴിഞ്ഞു. തട്ടിപ്പ് സംഘത്തിലെ ബിഹാർ സ്വദേശി സ്ഥിരമായി പെൺസുഹൃത്തിനെ സന്ദർശിക്കുന്നുണ്ട് എന്ന് മനസിലാക്കിയ പൊലീസ് ആ പെൺകുട്ടിയെ കണ്ടെത്തി കസ്റ്റഡിയിലെടുത്തു.

എന്നാൽ, ഇത് മനസ്സിലാക്കിയ പ്രതികൾ ബിഹാറിലേക്ക് രക്ഷപ്പെട്ടു.ഇതോടെ, കേരളത്തിൽ തിരിച്ചെത്തിയ പൊലീസ് വീണ്ടും അന്വേഷണത്തിന്റെ ഭാഗമായി 150 ഓളം ഫോൺ നമ്പറുകളുടെ രണ്ടു ലക്ഷത്തോളം കാളുകൾ വിശകലനം ചെയ്തു. തട്ടിപ്പ് സംഘത്തിലെ ബിഹാർ സ്വദേശിക്ക് 10 മാസം മുമ്പ് ഒരു കേരള സിമ്മിൽ നിന്ന് മെസേജ് പോയതായി മനസ്സിലായി. ആ ഫോൺ നമ്പറിനെ പിന്തുടർന്ന് നടത്തിയ അന്വേഷണമാണ് തട്ടിപ്പ് സംഘത്തിലെ മലയാളികളെക്കുറിച്ചുള്ള സൂചന പൊലീസിന് നൽകിയത്.

ഇതോടെ കഴിഞ്ഞ ആഴ്ച വീണ്ടും ഡൽഹിയിൽ എത്തിയ സൈബർ പൊലീസ്, തട്ടിപ്പ് സംഘത്തിലെ മലയാളികളെ ദിവസങ്ങളോളം പിന്തുടർന്ന് വ്യാജ കാൾസെന്റർ പ്രവർത്തിക്കുന്ന സ്ഥലം മനസ്സിലാക്കി. ഡൽഹിയിലെ പിത്തൻപുര എന്ന ഇടുങ്ങിയ ഗലിയിലെ കെട്ടിടത്തിന്റെ ഏഴാം നിലയിലെത്തിയ പൊലീസ്, അവിടേക്ക് ചായ എത്തിച്ചുനൽകുന്ന ഒരാളെ മുന്നിൽ നിർത്തി നടത്തിയ നീക്കത്തിനൊടുവിൽ ഓഫിസിന്റെ ഇരുമ്പ് വാതിൽ തുറപ്പിച്ചു ആയുധങ്ങളുമായി ഇരച്ചുകയറി ബലപ്രയോഗത്തിലൂടെ പ്രതികളെ കീഴ്പ്പെടുത്തുകയായിരുന്നു.

ജില്ല പൊലീസ് മേധാവി ആർ. ആനന്ദിന്റെ നിർദേശ പ്രകാരം വയനാട് സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഷജു ജോസഫും സംഘവുമാണ് ഡൽഹിയിൽ നിന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്. എ.എസ്.ഐ ജോയ്സ് ജോൺ, എസ്.സി.പി.ഒമാരായ കെ.എ. സലാം, പി.എ. ഷുക്കൂർ, എം.എസ്. റിയാസ്, സി.പി.ഒമാരായ ജബലുറഹ്മാൻ, സി. വിനീഷ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

അന്വേഷണത്തിലുള്ള ഗുരുതര ഓൺലൈൻ തട്ടിപ്പ് കേസുകൾ 30

കൽപറ്റ: വയനാട് സൈബർ പൊലീസ് നിലവിൽ അന്വേഷിക്കുന്നത് ഗുരുതര സ്വഭാവമുള്ള ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട 30 കേസുകൾ. ഈ വർഷം ആഗസ്റ്റ് അവസാനംവരെ 10 കേസുകളാണ് ഇത്തരത്തിൽ സൈബർ പൊലീസിന് ലഭിച്ചത്. ജില്ലയിലെ മറ്റ് പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത 15 കേസുകളിലും അന്വേഷണം നടക്കുന്നുണ്ട്. 2021ൽ 31 ഗുരുതര കേസുകളാണ് സൈബർ പൊലീസ് രജിസ്റ്റർ ചെയ്തത്.

ഓൺലൈൻ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട നിരവധി പരാതികളാണ് ജില്ലയിലെ സ്റ്റേഷനുകളിൽ ഓരോ ദിവസവും ലഭിക്കുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. അതീവ ഗൗരവമല്ലാത്ത കേസുകൾ അതത് സ്റ്റേഷനിലെ പൊലീസിന്റെ നേതൃത്വത്തിൽ തന്നെയാണ് അന്വേഷിക്കുന്നത്. ഗൗരവമേറിയ കേസുകൾ സൈബർ പൊലീസിലെ വിദഗ്ധ സംഘം അന്വേഷിക്കും. ഓൺലൈൻ ഉപയോഗം വ്യാപകമായതിനാൽ, തട്ടിപ്പുകളിൽ അകപ്പെടാതിരിക്കാനും കുറ്റകൃത്യങ്ങൾക്ക് ഇരയാകാതിരിക്കാനും ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Online fraudcall center
News Summary - Online fraud under cover of call center: Suspects nabbed by excellent investigation
Next Story