നോവൽ വായന ഉൾപെടെ ടാസ്കുകൾ, ദിവസവും 700 രൂപ; ഇരട്ടി പണം വാഗ്ദാനം നൽകി കോടികൾ കൈക്കലാക്കി ഓൺലൈൻ തട്ടിപ്പുസംഘം
text_fieldsതിരുവനന്തപുരം: നോവലുകൾ വായിച്ചാൽ പ്രതിദിനം ഉയർന്ന വരുമാനം നേടാമെന്ന് വാഗ്ദാനം ചെയ്ത് സംസ്ഥാനത്ത് മണിചെയിൻ മാതൃകയിൽ കോടികളുടെ തട്ടിപ്പ്. ഒരു കുടുംബത്തിന് മാത്രം 10 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. തിരുവനന്തപുരം ജില്ലയിലെ വടക്കൻ മേഖലകൾ, വിതുര, മടത്തറ എന്നിവിടങ്ങളിലെ വീട്ടമ്മമാർ അടക്കം നൂറുകണക്കിന് ആളുകളാണ് തട്ടിപ്പിനിരയായത്. സംഭവത്തിൽ വിതുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
'എൻ.ടി.എൽ' എന്ന ഓൺലൈൻ ആപ് വഴിയാണ് തട്ടിപ്പ് നടന്നത്. തുടക്കത്തിൽ 2,125 രൂപ നിക്ഷേപിച്ച് ആപ്പിലെ 25 ടാസ്കുകൾ പൂർത്തിയാക്കിയാൽ നിശ്ചിത തുക ദിവസവും നൽകുമെന്നായിരുന്നു വാഗ്ദാനം. 725 രൂപ മുതൽ ദിവസവും തിരികെ ലഭിക്കുമെന്നാണ് തട്ടിപ്പുകാർ മോഹിപ്പിച്ചതെന്ന് ഇരകൾ പറയുന്നു.
നോവൽ വായന, എഡിറ്റിങ്, പ്രൂഫ് റീഡിങ് എന്നിങ്ങനെയാണ് ടാസ്ക് വരുന്നത്. അഞ്ചു പേരെക്കൂടി ചേർത്താൽ കമീഷൻ നിലയ്ക്ക് കൂടുതൽ പണം ലഭിക്കുമെന്നും വിശ്വസിപ്പിച്ചു. പേടിഎം, ഫോൺപേ വഴിയാണ് തട്ടിപ്പുക്കാർ പണം സ്വീകരിച്ചത്.
ആമസോൺ ഉൾപ്പെടെ 21 രാജ്യങ്ങളിലെ 1500ഓളം കമ്പനികളുമായി പങ്കാളിത്തമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഈ തട്ടിപ്പുരീതി പ്രചരിപ്പിച്ചിരുന്നത്. ആരംഭത്തിൽ ചിലർക്ക് ചെറിയ തുക ലാഭവിഹിതമായി നൽകി വിശ്വാസ്യത നേടി. തുടർന്ന് വാട്സാപ് ഗ്രൂപ്പുകൾ വഴിയും മോട്ടിവേഷൻ ക്ലാസുകൾ വഴിയും കൂടുതൽ ആളുകളെ ശൃംഖലയിലേക്ക് ആകർഷിച്ചു. വിതുര സ്വദേശിയായ സനോഫർ എന്നയാളുടെ നേതൃത്വത്തിലാണ് പ്രദേശത്ത് ആളെ ചേർത്തത്. ഒരു പ്രദേശത്തുനിന്ന് മാത്രം രണ്ടു കോടിയോളം രൂപ നഷ്ടപ്പെട്ടതായാണ് പ്രാഥമിക നിഗമനം. ശസ്ത്രക്രിയക്കായി മാറ്റിവെച്ച തുകയും സ്വർണാഭരണങ്ങൾ പണയം വെച്ച് കണ്ടെത്തിയ പണവുമൊക്കെയാണ് തട്ടിപ്പുസംഘം കവർന്നതെന്ന് ഇരകൾ പറഞ്ഞു.
ലാഭവിഹിതവും നിക്ഷേപിച്ച പണവും തിരികെ ലഭിക്കാതാവുകയും ആപ്പിന്റെ പ്രവർത്തനം നിലയ്ക്കുകയും ചെയ്തതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. പണം തിരികെ ചോദിച്ചവരെ സംഘം ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ഇരയായ അമ്പതോളം പേർ നൽകിയ പരാതിയിലാണ് വിതുര പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. സമാന തട്ടിപ്പുകൾ മറ്റ് ജില്ലകളിലും നടന്നിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

