ഓൺലൈൻ ബാങ്കിങ് തട്ടിപ്പ്: 70,000 രൂപ യുവതിക്ക് തിരിച്ചുകിട്ടി
text_fieldsപറവൂർ: പറവൂർ സ്വദേശിനിയായ യുവതിക്ക് ഓൺലൈൻ ബാങ്കിങ് തട്ടിപ്പിലൂടെ നഷ്ടപ്പെട്ട 70,000 രൂപ റൂറൽ സൈബർ പൊലീസ് സ്റ്റേഷന്റെ ഇടപെടൽ മൂലം തിരികെ കിട്ടി. ക്രെഡിറ്റ് കാർഡിൽനിന്നുമാണ് യുവതിക്ക് പണം നഷ്ടപ്പെട്ടത്. കഴിഞ്ഞമാസം 80,000 രൂപയോളം ക്രെഡിറ്റ് കാർഡ് ബില്ല് ഇവർക്കുണ്ടായിരുന്നു. ഇത് ബാങ്ക് അക്കൗണ്ടിൽനിന്നും ഓട്ടോമാറ്റിക്കായി ഡെബിറ്റ് ആയി. എങ്കിലും ബിൽ അടക്കാൻ ആവശ്യപ്പെട്ട് യുവതിക്ക് നിരന്തരം ഫോൺകാളുകൾ വന്നുകൊണ്ടേയിരുന്നു. തുടർന്ന്, ഇന്റർനെറ്റിൽ സർച് ചെയ്ത് ബാങ്കിന്റെ കസ്റ്റമർ കെയർ നമ്പർ എടുക്കുകയും അതിൽ ബന്ധപ്പെടുകയുമായിരുന്നു.
ഇത് ഒൺലൈൻ തട്ടിപ്പ് സംഘത്തിന്റെ നമ്പർ ആണെന്നറിയാതെ അവർ നിർദേശിച്ച ആപ് ഡൗൺലോഡ് ചെയ്യുകയും കാർഡ് വിവരങ്ങളും മറ്റും നൽകുകയും ചെയ്തു. ഉടൻതന്നെ ക്രെഡിറ്റ് കാർഡിലുണ്ടായിരുന്ന 70,000 രൂപ സംഘം കവർന്നെടുത്തു.
മൂന്നു പ്രാവശ്യമായാണ് തുക തട്ടിയെടുത്തത്. തുടർന്ന്, ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന് പരാതി നൽകി. എസ്.പിയുടെ മേൽനോട്ടത്തിൽ സൈബർ പൊലീസ് സ്റ്റേഷനിൽ പ്രത്യേക ടീം രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചു. ഉടൻ പൊലീസ് ബാങ്കുമായും പരാതിക്കാരി ഉപയോഗിച്ച ആപ്പുമായും ബന്ധപ്പെടുകയും തട്ടിയെടുത്ത പണം മരവിപ്പിക്കുകയും ചെയ്തു. തുടർന്ന്, പണം യുവതിയുടെ അക്കൗണ്ടിൽ എത്തുന്നതിനുള്ള നടപടി സ്വീകരിച്ചു. ഉത്തരേന്ത്യൻ ഓൺലൈൻ തട്ടിപ്പുസംഘമാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്. പ്രതികളെക്കുറിച്ചുള്ള അന്വേഷണം വ്യാപിപ്പിച്ചു. എസ്.എച്ച്.ഒ എം.ബി. ലത്തീഫ്, എസ്.ഐ കൃഷ്ണകുമാർ, സി.പി.ഒമാരായ ഹൈനീഷ്, ലിജോ, ജെറി കുര്യാക്കോസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഇന്റർനെറ്റിൽനിന്ന് കിട്ടിയ നമ്പറുകളിൽ വിളിച്ച് തട്ടിപ്പിനിരയായതുമായി ബന്ധപ്പെട്ട് പരാതികൾ പൊലീസിന് ലഭിക്കുന്നുണ്ടെന്ന് എസ്.പി കെ. കാർത്തിക് പറഞ്ഞു. സർച് ചെയ്യുമ്പോൾ തട്ടിപ്പുസംഘം നിർമിച്ചിട്ടുള്ള വ്യാജ വെബ്സൈറ്റിൽനിന്നുള്ള നമ്പറുകളാണ് ഭൂരിപക്ഷവും ലഭിക്കുക. ഇത്തരം ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പാലിക്കുകയും ഔദ്യോഗിക വെബ്സൈറ്റിൽനിന്നാണ് വിവരങ്ങൾ തേടുന്നതെന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്നും എസ്.പി പറഞ്ഞു.