പൊലീസ് സ്റ്റേഷൻ ആക്രമിക്കാൻ സമൂഹ മാധ്യമങ്ങളിൽ സന്ദേശം: യുവാവ് അറസ്റ്റിൽ
text_fieldsഷംസുദ്ദീൻ
വടകര: ചോമ്പാല പൊലീസ് സ്റ്റേഷൻ ആക്രമിക്കണമെന്ന് സമൂഹ മാധ്യമങ്ങളിൽ സന്ദേശമയച്ചയാൾ അറസ്റ്റിൽ. മുക്കാളി സ്വദേശി ആശാരിന്റവിട ഷംസുദ്ദീനെയാണ് (46) ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ ലഹരി വിൽപനയിലേക്ക് നയിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനാൽ വിഴിഞ്ഞം മാതൃകയിൽ പൊലീസ് സ്റ്റേഷനുനേരെ ആക്രമണം നടത്തണമെന്നാണ് ഇയാൾ സമൂഹ മാധ്യമങ്ങളിൽ സന്ദേശമയച്ചത്. വ്യാഴാഴ്ച രാത്രിയാണ് ഫാൻസി എന്ന പേരിലുള്ള ഗ്രൂപ്പിലേക്ക് ഇയാൾ സന്ദേശം അയച്ചത്.
പിന്നാലെ സോഷ്യൽ മീഡിയയിലും സന്ദേശം പരന്നു. ഇതേ തുടർന്ന് ചോമ്പാൽ പൊലീസ് സ്റ്റേഷന് കർശന സുരക്ഷ ഏർപ്പെടുത്തുകയുണ്ടായി. സമീപ സ്റ്റേഷനുകളിൽ നിന്ന് കൂടുതൽ പൊലീസിനെ സ്ഥലത്തെത്തിച്ചു. ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ സ്ട്രൈക്കിങ് ഫോഴ്സിനെയടക്കം സുരക്ഷക്ക് വിന്യസിപ്പിച്ചു. മുക്കാളിയിലെ കെട്ടിടത്തിൽനിന്ന് പൊലീസ് യുവാവിനെ പിടികൂടിയതോടെയാണ് ആശങ്കക്ക് വിരാമമായത്. ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

