യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച മൂന്നംഗ സംഘത്തിലെ ഒരാൾ പിടിയിൽ
text_fieldsതിരുവല്ല: തിരുവല്ല ബൈപാസിൽനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് അവശനാക്കിയശേഷം സ്വർണാഭരണവും ബുള്ളറ്റും പണവും കവർന്ന സംഭവത്തിൽ മൂന്നംഗസംഘത്തിലെ ഒരാൾ തിരുവല്ല പൊലീസിന്‍റെ പിടിയിലായി. കുറ്റപ്പുഴ ആറ്റുചിറ കാട്ടിൽപറമ്പിൽ വീട്ടിൽ റിജോ എബ്രഹാം (29) ആണ് പിടിയിലായത്. ഞായറാഴ്ച രാത്രി 12 മണിയോടെ ബൈപാസിലെ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപമായിരുന്നു സംഭവം.
മാവേലിക്കര തട്ടാരമ്പലം കൊച്ചുതറയിൽ വീട്ടിൽ അക്ഷയിന്‍റെ പരാതിയിലാണ് അറസ്റ്റ്. സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപംവെച്ച് ട്രാൻസ്ജൻഡറുമായി സംസാരിച്ചുനിൽക്കവെ മൂന്നംഗ സംഘം അക്ഷയിനെ വളയുകയായിരുന്നു. ട്രാൻസ്ജൻഡറുമായി സംസാരിച്ചുനിൽക്കുന്ന വിഡിയോ മൊബൈൽ ഫോണിൽ പകർത്തിയ സംഘം ബലമായി അക്ഷയിനെ കുറ്റപ്പുഴ റെയിൽവേ ട്രാക്കിന് സമീപം എത്തിച്ചു. തുടർന്ന് മർദിച്ചശേഷം കഴുത്തിൽ കിടന്ന ഒന്നരപ്പവൻ വരുന്ന സ്വർണമാല, ബുള്ളറ്റ്, 20,000 രൂപയോളം വിലവരുന്ന വാച്ച്, എ.ടി.എം കാർഡ് അടങ്ങുന്ന പഴ്സ് എന്നിവ കൈക്കലാക്കി.
സംഘത്തിന്‍റെ പിടിയിൽനിന്ന് രക്ഷപ്പെട്ടോടിയ അക്ഷയ് തിരുവല്ല റെയിൽവേ സ്റ്റേഷനിൽ അഭയം പ്രാപിച്ച് ആർ.പി.എഫ് ഉദ്യോഗസ്ഥരെ വിവരം ധരിപ്പിച്ചു. ഇതേസമയം റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും അക്ഷയിന്‍റെ ബുള്ളറ്റുമായി കടക്കാൻ ശ്രമിച്ച റിജോയെ ആർ.പി.എഫ് ഉദ്യോഗസ്ഥർ ചേർന്ന് തടഞ്ഞുവെച്ച് തിരുവല്ല പൊലീസിന് കൈമാറി. കൂട്ടുപ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി സി.ഐ പി.എസ്. വിനോദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

