അട്ടപ്പാടിയിൽ ഭിന്നശേഷിക്കാരനെ തല്ലിക്കൊന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
text_fieldsകൊല്ലപ്പെട്ട നന്ദ കിഷോർ
അഗളി: അട്ടപ്പാടിയിൽ യുവാവായ നന്ദകിഷോറിനെ തല്ലിക്കൊന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. അട്ടപ്പാടി താവളം സ്വദേശി അനന്തുവിനെ (19) ആണ് അഗളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ 11 പ്രതികളുള്ള കേസിൽ ഏഴു പേർ പിടിയിലായി. വെള്ളിയാഴ്ച അറസ്റ്റിലായ ആറു പേർ നിലവിൽ റിമാൻഡിലാണ്.
കൊല്ലപ്പെട്ട നന്ദകിഷോറിന്റെ മരണം തലക്കേറ്റ അടി കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. നന്ദകിഷോറിന്റെ ശരീരമാകെ മർദനമേറ്റ മുറിപ്പാടുകളുണ്ടെന്നും പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറുടെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. ഇരുമ്പ് ഉപയോഗിച്ച് തലയിൽ അടിച്ചതിനെ തുടർന്നുണ്ടായ പരിക്കാണ് മരണകാരണമായത്. ഭിന്നശേഷിക്കാരനായ നന്ദകിഷോറിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് കണ്ണൂർ സ്വദേശി വിനായകൻ ഗുരുതര പരിക്കുകളോടെ തൃശൂർ ഗവ. മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
വെള്ളിയാഴ്ച പുലർച്ചയാണ് കൊലപാതകം നടന്നത്. തോക്ക് വാങ്ങിനൽകാമെന്ന് പറഞ്ഞ് അഗളി സ്വദേശിയായ വിപിൻ പ്രസാദിൽ നിന്ന് ലക്ഷം രൂപ വാങ്ങിയത് വിനായകനായിരുന്നു. തോക്ക് എത്തിച്ചു കൊടുക്കാത്തതിനാൽ വിനായകനെ തട്ടിക്കൊണ്ടു പോയതറിഞ്ഞ് അന്വേഷിക്കാൻ ചെന്ന നന്ദകിഷോറിനെ മദ്യലഹരിയിലായിരുന്ന സംഘം കുറുവടി കൊണ്ട് മർമഭാഗത്ത് മർദിക്കുകയായിരുന്നു.