സഞ്ജിത്ത് വധക്കേസിൽ ഒരാൾകൂടി പിടിയിൽ
text_fieldsപാലക്കാട്: മമ്പറത്ത് എലപ്പുള്ളി സ്വദേശിയായ ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. തിരിച്ചറിയൽ പരേഡുള്ളതിനാൽ പേരും മറ്റ് വിവരങ്ങളും പുറത്തുവിട്ടില്ല. എസ്.ഡി.പി.ഐ പ്രവർത്തകനാണെന്നും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളാണെന്നും ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥ് പറഞ്ഞു.
ചെർപ്പുളശ്ശേരിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളുൾപ്പെടെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരിൽ മൂന്നുപേർ ഇതിനകം പിടിയിലായി. പിടിയിലാകാനുള്ള പ്രതികളെയും സഹായിക്കുന്നവരെയും കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
അഞ്ചംഗ സംഘമാണ് സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഇവരെ സഹായിച്ചവരടക്കം ആറു പേരാണ് ഇതുവരെ അറസ്റ്റിലായത്. പിടിയിലാകാനുള്ള കൊഴിഞ്ഞാമ്പാറ അത്തിക്കോട് പള്ളി സ്ട്രീറ്റ് സ്വദേശി മുഹമ്മദ് ഹാറൂൺ, ആലത്തൂർ അഞ്ചുമൂർത്തി ചീക്കോട് ഫാത്തിമ മൻസിലിൽ നൗഫൽ, മലപ്പുറം വണ്ടൂർ അർപ്പോയിൽ പുളിവെട്ടി സ്വദേശി ഇബ്രാഹിം മൗലവി, ഒറ്റപ്പാലം അമ്പലപ്പാറ കാഞ്ഞിരംചോല സ്വദേശി ഷംസീർ എന്നിവരുടെ ചിത്രങ്ങൾ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു.