മൊബൈൽ ബാങ്കിങ് തട്ടിപ്പ്: ഒരാൾ കൂടി പിടിയിൽ
text_fieldsഎ.ആർ. രജീഷ്
കൊല്ലം: വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് മൊബൈൽ ബാങ്കിങ് വഴി 8.16 ലക്ഷം രൂപ കൈക്കലാക്കിയ സംഘത്തിലെ ഒരാൾ കൂടി കൊല്ലം സിറ്റി സൈബർ ക്രൈം പൊലീസിന്റെ പിടിയിലായി.
എറണാകുളം ആലുവ ആലങ്ങാട് ആശാരിപറമ്പിൽ എ.ആർ. രജീഷ് (34) ആണ് പിടിയിലായത്. ഇയാളെ എറണാകുളം കതൃക്കടവിൽ നിന്നാണ് പിടികൂടിയത്.
തിരുമുല്ലവാരം സ്വദേശിനിയായ അറുപത്തിയെട്ടുകാരിയുടെ ഫെഡറൽ ബാങ്ക് അക്കൗണ്ടിൽ നിന്നാണ് പണം തട്ടിയത്. ബാങ്കിൽ അക്കൗണ്ടിനായി ഇവർ നൽകിയ മൊബൈൽ നമ്പർ ദീർഘകാലം ഇവർ ഉപയോഗിക്കാതിരുന്നതിനെ തുടർന്ന് സർവിസ് പ്രൊവൈഡർ സിം മരവിപ്പിച്ചിരുന്നു.
തുടർന്ന് എറണാകുളം പെരുമ്പാവൂരിൽ അവർ വിതരണം ചെയ്ത ഈ സിംകാർഡ് ലഭിച്ച സംഘമാണ് തട്ടിപ്പ് നടത്തിയത്. ബാങ്കിൽ രജിസ്റ്റർ ചെയ്തിരുന്ന സിംകാർഡിലേക്ക് വന്ന മെസേജുകൾ ഉപയോഗിച്ച് ഇവർ മൊബൈൽ ബാങ്കിങ്ങിലേക്ക് കടന്നുകയറുന്നതിനുള്ള വിവരങ്ങൾ കരസ്ഥമാക്കി.
ഇത് ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഫെഡ്നെറ്റ് മൊബൈൽ ബാങ്കിങ് ആപ്ലിക്കേഷൻ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യുകയും അത് വഴി മറ്റ് അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്യുകയുമായിരുന്നു. പണം നഷ്ടപ്പെട്ട വീട്ടമ്മയുടെ പരാതിയിൽ കൊല്ലം സിറ്റി സൈബർ ക്രൈം െപാലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.
സംഘത്തിലുൾപ്പെട്ട നാല് പേരെ കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യേക അന്വേഷണ സംഘം പിടികൂടിയിരുന്നു. നൂതന മാർഗത്തിലൂടെ പണം നഷ്ടപ്പെട്ടത് ശ്രദ്ധയിൽപെട്ട കൊല്ലം ജില്ല െപാലീസ് മേധാവി ടി. നാരായണൻ പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചിരുന്നു.
സിറ്റി സി-ബ്രാഞ്ച് അസിസ്റ്റന്റ് കമീഷണർ സോണി ഉമ്മൻകോശിയുടെ നേതൃത്വത്തിൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എച്ച്. മുഹമ്മദ്ഖാൻ, എസ്.ഐമാരായ അബ്ദുൽമനാഫ്, അജിത്കുമാർ, എ.എസ്.ഐ നിയാസ്, സി.പി.ഒ മാരായ അനീഷ്, സതീഷ്കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.