'ബുള്ളി ബായ്' കേസിൽ നാലാമത്തെ അറസ്റ്റുമായി ഡൽഹി പൊലീസ്
text_fieldsഡൽഹിയിൽ അറസ്റ്റിലായ നീരജ് ബിഷ്ണോയി
ന്യൂഡൽഹി: പ്രമുഖ മുസ്ലിം വനിതകളെ മോശമായി ചിത്രീകരിക്കുന്ന വിദ്വേഷ ആപ് 'ബുള്ളി ബായ്' നിർമിച്ച കേസിൽ 21കാരനെ ഡൽഹി പൊലീസ് സ്പെഷൽ സെൽ അറസ്റ്റ് ചെയ്തു. മുഖ്യ സൂത്രധാരൻ അടക്കം മൂന്നുപേരെ നേരത്തെ മുംബൈ പൊലീസ് പിടികൂടിയിരുന്നു. അസം സ്വദേശി നീരജ് ബിഷ്ണോയിയാണ് ഡൽഹിയിൽ അറസ്റ്റിലായത്.
ഭോപാലിൽ രണ്ടാം വർഷ എൻജിനീയറിങ്ങിന് പഠിക്കുന്ന നീരജ് ബിഷ്ണോയ് ആണ് ഗിറ്റ്ഹബ് പ്ലാറ്റ്ഫോമിൽ 'ബുള്ളി ബായ്' ആപ് ഉണ്ടാക്കിയതിന്റെ മുഖ്യ ഗൂഢാലോചകനെന്ന് ഡൽഹി പൊലീസ് അവകാശപ്പെട്ടു. സ്വദേശമായ അസമിലെ ജോർഹട്ടിൽനിന്ന് അറസ്റ്റ് ചെയ്ത നീരജിനെ വ്യാഴാഴ്ച ഉച്ചക്ക് ശേഷം ഡൽഹിയിലെത്തിച്ചു. അതേസമയം 'സുള്ളി ഡീലിനെ'തിരെ 2021ൽ ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇതുവരെ അറസ്റ്റ് നടന്നിട്ടില്ല.
ഉത്തരഖണ്ഡിൽനിന്ന് അറസ്റ്റിലായ ശ്വേത സിങ് ആണ് മുഖ്യപ്രതി എന്നാണ് മുംബൈ പൊലീസ് പറഞ്ഞിരുന്നത്. ഉത്തരാഖണ്ഡിൽനിന്നുതന്നെ അറസ്റ്റിലായ മായങ്ക് അഗർവാൾ എന്ന 21കാരനും ബംഗളൂരുവിൽനിന്ന് അറസ്റ്റിലായ എൻജിനീയറിങ് വിദ്യാർഥി വിശാൽ കുമാറും കൂട്ടുപ്രതികളുമായിരുന്നു.
ബുള്ളി ആപ്പുമായി ബന്ധപ്പെട്ട് മൂന്ന് അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്നത് മുഖ്യപ്രതിയായ ശ്വേത സിങ് ആണെന്നും ഡിസംബർ 31ന് 'ഖൽസ സൂപ്പർ മാസിസ്റ്റ്' എന്ന പേരിൽ അക്കൗണ്ട് തുടങ്ങിയ വിശാൽ കുമാർ മറ്റു പേരിലുണ്ടായിരുന്ന രണ്ട് അക്കൗണ്ടുകൾക്കുകൂടി സിഖ് വ്യാജ നാമങ്ങൾ നൽകുകയായിരുന്നുവെന്നും മുംബൈ പൊലീസ് വ്യക്തമാക്കിയിരുന്നു.