കടയുടെ ഷട്ടർ പൂട്ട് തകർത്ത് ഒരു ലക്ഷവും മൊബൈൽ ഫോണുകളും കവർന്നു
text_fieldsകൊട്ടിയം: നഗരമധ്യത്തിൽ കടയുടെ ഷട്ടർ പൂട്ട് തകർത്ത് ഒരു ലക്ഷവും മൊബൈൽ ഫോണുകളും കവർന്നു. സമീപത്തെ രണ്ടു കടകളിലും മോഷണശ്രമം നടത്തിയിട്ടുണ്ട്. കൊട്ടിയം ജങ്ഷനിൽ മയ്യനാട് റോഡിൽ സ്ഥിതി ചെയ്യുന്ന ലുക്മാന്റെ ഉടമസ്ഥതയിലുള്ള എം.എ.കെ ബേക്കേഴ്സ് ആൻഡ് മൊബൈൽ ഫോൺ കടയിലാണ് വെള്ളി രാത്രി മോഷണം നടന്നത്.
രാവിലെ കടയുടമ എത്തിയപ്പോഴാണ് ഷട്ടറിന്റെ ഒരു പൂട്ട് തകർത്ത നിലയിൽ കണ്ടത്. പൂട്ട് തകർത്ത ശേഷമാണ് മോഷ്ടാവ് കടക്കുള്ളിൽ കയറിയത്. വെള്ളിയാഴ്ചത്തെ കടയിലെ വിറ്റുവരവു പൈസയും സാധനങ്ങൾ വാങ്ങാൻ സൂക്ഷിച്ചിരുന്ന പണവുമാണ് കൗണ്ടർ തകർത്ത് മോഷ്ടിച്ചത്. സമീപത്തെ കടയിലെ ക്യാമറയിൽ നിന്ന് മോഷണം നടത്തുന്നയാളുടെ സി.സി.ടി.വി ദൃശ്യം ലഭിച്ചിട്ടുണ്ട്.
നീല ഷർട്ടും പാന്റും ധരിച്ച് കൈവശം ഒരു ബാഗുമായി വന്ന ആളാണ് മോഷ്ടാവ്. ഇയാൾ മോഷണം നടത്തുന്നതിന് മുമ്പ് എം.എ.കെ ബേക്കറിക്ക് എതിർവശത്തുള്ള ഗോൾഡ്കവറിങ് കടക്ക് മുന്നിൽ ഇരിക്കുന്ന ദൃശ്യവും ലഭിച്ചിട്ടുണ്ട്. ബേക്കറിയിൽ മോഷണം നടത്തിയ ശേഷം സമീപത്തെ ലോട്ടറിക്കടയുടെ ഷട്ടറിന്റെ പൂട്ടും തകർക്കാൻ ശ്രമിച്ചു. പിന്നീട് തൊട്ടടുത്തുള്ള ചെരിപ്പു കടയിലും മോഷണ ശ്രമം നടത്തി. പൊലീസും വിരലടയാള വിദഗ്ധരും എത്തി തെളിവുകൾ ശേഖരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

